ദില്ലി: തീവണ്ടി യാത്രകള്‍ ഇനി അത്ര ചെലവ് കുറഞ്ഞതായിരിക്കില്ല. രാജധാനി, ജനശതാബ്ദി, തുരന്തോ  തുടങ്ങിയ എക്‌സപ്രസ് തീവണ്ടികളിലെ ഭക്ഷണനിരക്ക് കുത്തനെകൂട്ടിക്കൊണ്ട് റെയില്‍വേ മന്ത്രാലത്തിന്റെ സര്‍ക്കുലര്‍. ഐആര്‍സിടിസിയുടെ ശുപാര്‍ശ പ്രകാരമാണ് വിലകൂട്ടുന്നതെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു.

തണുപ്പ് കൂടിയാല്‍ ചായ വിലയും കൂടും

ഇനി മുതല്‍ രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളില്‍ ഫസ്റ്റ് ക്ലാസ് എസിയില്‍ ഒരു ചായക്ക് 35 രൂപ കൊടുക്കണം. സെക്കന്റ് തേര്‍ഡ് എസി കംപാര്‍ട്ട്‌മെന്റുകളുടെ പുതിയ നിരക്ക് പ്രകാരം 20 രൂപ നല്‍കണം. തുരന്തോയിലെ സ്ലീപ്പര്‍ ക്ലാസ്സുകളിലെ ചായവില 15 രൂപയുമാണ്.

വിശപ്പിനും വിലയേറും

എസി ഫസ്റ്റ് ക്ലാസില്‍ പ്രഭാതഭക്ഷണത്തിന് 140 രൂപയും, സെക്കന്‍ഡ്, തേര്‍ഡ് ക്ലാസ്സില്‍ 105 രൂപയായും വില ഉയര്‍ത്തി. ഉച്ചയൂണിനും രാത്രി ഭക്ഷണത്തിനും എസി ഫസറ്റ് ക്ലാസില്‍ 245 രൂപയും സെക്കന്റ്, തേര്‍ഡ്
ക്ലാസില്‍ 185 രൂപയും ചെലവിടണം. വൈകുന്നേരത്തെ ചായക്ക് 50 രൂപയും നകണം.

ഇതിന് പുറമെ ഭക്ഷണത്തിന്‌റെ അടിസ്ഥാന വിലയിലും മാറ്റം വരുത്തിയിട്ടുണ്ട്. രാജ്യത്തെ എല്ലാ റെയില്‍വെ സ്റ്റേഷനുകളിലും ഇനി പ്രഭാത ഭക്ഷണത്തിന് 40 രൂപ നല്‍കണം. മാംസ വിഭവമുണ്ടെങ്കില്‍ പ്രഭാത ഭക്ഷണ വില 50 ആകും. ഉച്ചയൂണിന് 80 രൂപയാണ് വില.

മുട്ടക്കറിയോട് കൂടിയ ഊണാണെങ്കില്‍ 90 രൂപ ഈടാക്കും. 15 ദിവസത്തിന് ശേഷം ഈ നിരക്കുകള്‍ ടിക്കറ്റിംഗ് സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തും. സര്‍ക്കുലര്‍ പുറത്തിറക്കി 120 ദിവസങ്ങള്‍ കഴിഞ്ഞേ ഈ നിരക്കുകള്‍ ഈടാക്കി തുടങ്ങും.