മുംബൈ: ഇന്ത്യയുടെ കിഴക്കൻ തീരത്ത് പുതിയ പെട്രോളിയം ​ഗ്യാസ് പ്രോജക്ട് പ്രഖ്യാപിച്ച് റിലയൻസ് ഇൻഡസ്ട്രീസ്. അന്താരാഷ്ട്ര പെട്രോളിയം കമ്പനിയായ ബിപിയുമായി ചേർന്നാണ് റിലയൻസ് പദ്ധതി നടപ്പാക്കുന്നത്. കെജി ഡി 6 ബ്ലോക്കിലെ ആർ ക്ലസ്റ്റർ, അൾട്രാ-ഡീപ്-വാട്ടർ ഗ്യാസ് ഫീൽഡ് എന്നിവയിൽ നിന്നുള്ള ആദ്യ പെട്രോളിയം ​ഗ്യാസ് പ്രോജക്ടാണിത്. 

കെജി ഡി 6 - ആർ ക്ലസ്റ്റർ, സാറ്റലൈറ്റ് ക്ലസ്റ്റർ, എംജെ എന്നിവയിൽ മൂന്ന് ഡീപ് വാട്ടർ ഗ്യാസ് പ്രോജക്ടുകൾ ഇരു കമ്പനികളും വികസിപ്പിച്ചെടുക്കുന്നുണ്ട്. 2023 ഓടെ ഇന്ത്യയുടെ ഗ്യാസ് ഡിമാൻഡിന്റെ 15 ശതമാനം സ്വന്തമാക്കാനാകുമെന്നാണ് ഇരു കമ്പനികളുടെയും പ്രതീക്ഷ. ഇരുകമ്പനികളും നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 

2021 ൽ ഈ ഫീൽഡിൽ നിന്ന് പ്രതിദിനം 12.9 ദശലക്ഷം സ്റ്റാൻഡേർഡ് ക്യുബിക് മീറ്റർ (എംഎംഎസ്സിഎംഡി) വാതക ഉൽപാദനം സാധ്യമാകുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ. സഖ്യത്തിന്റെ അടുത്ത പദ്ധതിയായ സാറ്റലൈറ്റുകൾ ക്ലസ്റ്റർ 2021 ൽ സ്ട്രീമിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു, തുടർന്ന് 2022 ൽ എംജെ പ്രോജക്റ്റും നടപ്പാക്കാനാണ് ആലോചന. മൂന്ന് മേഖലകളിൽ നിന്നുള്ള പീക്ക് ഗ്യാസ് ഉത്പാദനം 2023 ഓടെ ഏകദേശം 30 എംഎംഎസ്സിഎംഡി (പ്രതിദിനം 1 ബില്ല്യൺ ഘനയടി) ആയിരിക്കുമെന്നാണ് റിലയൻസ് -ബിപി സഖ്യത്തിന്റെ പ്രതീക്ഷ. ഇത് ഇന്ത്യയുടെ ആഭ്യന്തര ഉൽപാദനത്തിന്റെ 25 ശതമാനമാകുമായിരിക്കും എന്നാണ് കണക്കാക്കുന്നത്. രാജ്യത്തിന് ഇറക്കുമതി ചെയ്യുന്ന വാതകത്തിന്റെ ആശ്രിതത്വം കുറയ്ക്കാൻ ഈ പ്രോജക്ടുകളിലൂടെ സാധിക്കുമെന്നും കമ്പനികൾ പ്രസ്താവനയിൽ അവകാശപ്പെട്ടു.