Asianet News MalayalamAsianet News Malayalam

റിലയൻസ്-സൗദി അരാംകോ ഓഹരി ഇടപാട്: ഇ-മെയിൽ പ്രസ്താവനയുമായി സൗദി അരാംകോ രം​ഗത്ത്

രണ്ട് കമ്പനികളും ഈ ഇടപാടിൽ പ്രതിജ്ഞാബദ്ധരാണെന്നും ഇന്ത്യയിലെ റിലയൻസിന്റെ സ്വത്തുക്കൾ ഭൗതിക പരിശോധന നടത്താൻ അരാംകോ ആഗ്രഹിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Reliance Industries- Saudi Aramco deal gaining momentum
Author
Dubai - United Arab Emirates, First Published Nov 9, 2020, 8:13 PM IST

കൊവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് തടസ്സപ്പെട്ട സൗദി അരാംകോയുമായുളള ഓഹരി കൈമാറ്റ ഇടപാട് വീണ്ടും റിലയന്‍സ് പുനരാരംഭിക്കുന്നതായി റിപ്പോര്‍ട്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഓയില്‍ ടു കെമിക്കല്‍ ബിസിനസിന്റെ 20 ശതമാനം ഓഹരി സൗദി അരാംകോയ്ക്ക് വില്‍ക്കാനുളള നടപടികളുമായി മുന്നോട്ട് പോകുന്നതായി പ്രമുഖ ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ട് കമ്പനികളും ഈ ഇടപാടിൽ പ്രതിജ്ഞാബദ്ധരാണെന്നും ഇന്ത്യയിലെ റിലയൻസിന്റെ സ്വത്തുക്കൾ ഭൗതിക പരിശോധന നടത്താൻ അരാംകോ ആഗ്രഹിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് വരെ ഏകദേശം 15 ബില്യൺ ഡോളറായിരുന്നു ഈ കരാറിന് കണക്കാക്കിയിരുന്ന മൂല്യം. ഇത് സംബന്ധിച്ച് പോയ വർഷം അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. 

ഡിജിറ്റൽ, റീട്ടെയിൽ യൂണിറ്റുകളിലേക്കായി ആഗോള നിക്ഷേപകരിൽ നിന്ന് കോടിക്കണക്കിന് ഡോളർ സമാഹരിച്ചതിനാൽ 2020 ൽ റിലയൻസിന്റെ ഓഹരികൾ ഈ വർഷം 35 ശതമാനത്തിലധികം ഉയർന്നു. അതിനാൽ റിലയൻസ് -അരാംകോ ഇടപാടിന്റെയും മൂല്യം പോയ വർഷം കണക്കാക്കിയതിൽ നിന്നും വലിയതോതിൽ കുതിച്ചുയരുമെന്നാണ് വിശകലന വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. 

"ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യ വളരെയധികം വളർച്ചാ അവസരങ്ങൾ പ്രദാനം ചെയ്യുന്നു, ഞങ്ങളുടെ സാധ്യതയുള്ള പങ്കാളികളുമായി പുതിയ ബിസിനസ്സ് അവസരങ്ങൾ അരാംകോ വിലയിരുത്തുന്നത് തുടരുകയാണ്, ”സൗദി അരാംകോ ഇ-മെയിൽ പ്രസ്താവനയിൽ പറഞ്ഞതായി ബിസിനസ് സ്റ്റാൻഡേർഡ് വ്യക്തമാക്കി. എന്നാൽ, ഈ വിഷയത്തിൽ റിലയൻസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.  

ഊർജ്ജ വിപണിയിലെ അപ്രതീക്ഷിത സാഹചര്യങ്ങളും COVID-19 സാഹചര്യവും കാരണം കരാർ വൈകിയതായി റിലയൻസ് ചെയർമാനും ഏഷ്യയിലെ ഏറ്റവും ധനികനുമായ മുകേഷ് അംബാനി ജൂലൈയിൽ ഓഹരി ഉടമകളോട് പറഞ്ഞിരുന്നു. കൊറോണ വൈറസ് പ്രതിസന്ധി അതിന്റെ പ്രധാന ഊർജ്ജ ബിസിനസിനെ ബാധിച്ചതിനാൽ ഒക്ടോബറിൽ ഓയിൽ-ടു-ടെലികോം കമ്പനി 15 ശതമാനം ഇടിവ് രേഖപ്പെടുത്തി. എന്നാൽ, ജിയോ ടെലികോം സേവനത്തിൽ ഇരട്ട അക്ക വരുമാന വളർച്ച കൈവരിച്ചു.

Follow Us:
Download App:
  • android
  • ios