ദില്ലി: ഉൾനാടൻ ഗ്രാമപ്രദേശങ്ങളിലേക്ക് വരെ തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിച്ച് ആമസോണും ഫ്ലിപ്കാർട്ടും ഇന്ത്യയിൽ നേടിയ പ്രചാരം ചെറുതല്ല. അത് തന്നെയാണ് ഇ-കൊമേഴ്സ് വിപണിക്ക് മൂല്യമേറാനും കാരണം. എന്നാലിതാ ആമസോണിനും ഫ്ലിപ്‌കാർട്ടിനും 2020 ൽ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഇന്ത്യൻ ബിസിനസ് രംഗത്തെ വമ്പന്മാരിൽ ഒരാളായ റിലയൻസിന്‍റെ കടന്നുവരവ് ഈ രണ്ട് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്കും ഉണ്ടാക്കുന്ന തലവേദന ചെറുതല്ല.

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന റെഡ്സീർ കൺസൾട്ടിംഗിന്റെ റിപ്പോർട്ട് പ്രകാരം സെപ്തംബർ 29 നും ഒക്ടോബർ നാലിനും ഇടയിൽ 19000 കോടിയുടെ കച്ചവടമാണ് ഇ-കൊമേഴ്സ് വിപണികളിൽ നടന്നത്. ഇതിൽ 90 ശതമാനവും ഫ്ലി‌പ്‌കാർട്ടും ആമസോണും ചേർന്നാണ് കൈയ്യാളുന്നത്. ഈ രംഗത്തേക്ക് റിലയൻസ് വരുമ്പോൾ അതിനാൽ തന്നെ ആമസോണിന്റെയും ഫ്ലിപ്‌കാർട്ടിന്റെയും മാർക്കറ്റിന് തന്നെയാവും വെല്ലുവിളിയാവുക.

തങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ 60 ശതമാനം മാർക്കറ്റ് ഷെയർ ഉണ്ടെന്നാണ് ഫ്ലിപ്‌കാർട്ടിന്റെ അവകാശവാദം. ആമസോണിന് 30 ശതമാനത്തോളം മാർക്കറ്റ് ഷെയറുണ്ട്. 2019 മാർച്ചിൽ അവസാനിച്ച പാദത്തിൽ മാത്രം ആമസോണിലെ ഏറ്റവും വലിയ സെല്ലറായ ക്ലൗഡ്ടെയിൽ ഇന്ത്യയ്ക്ക് 25 ശതമാനം വരുമാന വർധനവുണ്ടായിരുന്നു.

റിലയൻസ് 2020 ദീപാവലിയോട് അനുബന്ധിച്ച് ഇ-കൊമേഴ്സ് രംഗത്തേക്ക് കടന്നുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടെലികോം സെക്ടറിലേക്ക് ജിയോ വന്നതിന് സമാനമായാണ് ഇ-കൊമേഴ്സ് രംഗത്തേക്കും റിലയൻസ് കടന്നുവരുന്നതെങ്കിൽ വിപണി പിടിച്ചടക്കാൻ അധിക കാലം വേണ്ടിവരില്ലെന്നാണ് കരുതപ്പെടുന്നത്. അത് തന്നെയാണ് ഫ്ലിപ്‌കാർട്ടിന്റെയും ആമസോണിന്റെയും ഭീതി. റിലയൻസ് ലോഞ്ച് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആ വരവ് ഇ-കൊമേഴ്സ് സെക്ടറിൽ അടിമുടി മാറ്റം കൊണ്ടുവരുമെന്നും കരുതപ്പെടുന്നു.

റിലയൻസ് റീട്ടെയ്‌ലിന് രാജ്യത്തെ 6600 നഗരങ്ങളിലായി 10415 സ്റ്റോറുകൾ ഇപ്പോൾ തന്നെയുണ്ട്. കമ്പനി തങ്ങളുടെ ഭക്ഷ്യ-പച്ചക്കറി ആപ്പിന്റെ ബീറ്റ വേർഷൻ പരിശോധനകൾക്കായി പുറത്തിറക്കിയിട്ടുണ്ട്. 2026 ഓടെ 200 ബില്യൺ ഡോളർ (14.28 ലക്ഷം കോടി) വലിപ്പമുള്ളതാവും ഇന്ത്യയിലെ ഇ-കൊമേഴ്സ് രംഗമെന്നാണ് ഇന്ത്യ ബ്രാന്റ് ഇക്വിറ്റി ഫൗണ്ടേഷന്റെ കണക്ക്. അപ്പോഴേക്കും വിപണിയുടെ സിംഹഭാഗവും സ്വന്തം കീശയിലാക്കണമെന്ന കണക്കുകൂട്ടൽ തന്നെയാണ് മുകേഷ് അംബാനിക്കുണ്ടാവുക. അതിനാൽ 2020 ൽ ഈ വമ്പന്റെ വരവ് എങ്ങിനെയായിരിക്കുമെന്ന് കണ്ടുതന്നെ അറിയാം.