ദില്ലി: എച്ച്ഡിഎഫ്സി ബാങ്കിന്റെ പുതിയ സിഇഒയായി ശശിധർ ജഗദീശൻ എത്തും. ദീർഘകാലമായി ബാങ്കിനെ നയിച്ച ആദിത്യ പുരി വിരമിക്കുന്ന ഒഴിവിലാണ് നിയമനം. 

ഒക്ടോബറിൽ പുരി വിരമിക്കുമ്പോൾ 55 കാരനും ബാങ്കിലെ ഗ്രൂപ്പ് ഹെഡ് ആന്റ് ചേഞ്ച് ഏജന്റുമായ ജഗദീശൻ ചുമതലയേൽക്കും. റിസർവ് ബാങ്ക് അംഗീകാരത്തിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്ത മൂന്ന് വ്യക്തികളിൽ ഒരാളാണ് ജഗദീശൻ. ജഗദീശന്റെ പേര് ഇന്നലെ രാത്രി റിസർവ് ബാങ്ക് അംഗീകരിച്ചതായും ഇതുസംബന്ധിച്ച് ഉടൻ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും എച്ച്ഡിഎഫ്സി ബാങ്ക് വൃത്തങ്ങൾ അറിയിച്ചു.

1996 ൽ ബാങ്കിൽ ചേർന്ന ജഗദീശൻ ധനകാര്യ, മാനവ വിഭവശേഷി, മറ്റ് വകുപ്പുകൾ എന്നിവയുടെ തലവനായിരുന്നു. ചാർട്ടേഡ് അക്കൗണ്ടന്റായ അദ്ദേഹം സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.