മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) ജൂണിൽ അവസാനിച്ച പാദത്തിൽ 4,189.34 കോടി രൂപ അറ്റാദായം നേടി. എസ്‌ബി‌ഐ ലൈഫിലെ ഓഹരി വിൽ‌പനയിൽ നിന്ന് 1,539.73 കോടി രൂപയുടെ ഒറ്റത്തവണ നേട്ടവും എസ്ബിഐയ്ക്കുണ്ടായി. ജൂൺ അവസാന പാദത്തിൽ റിപ്പോർട്ട് ചെയ്ത 2,312.2 കോടി രൂപയുടെ അറ്റാദായത്തിൽ നിന്ന് ഇത് 81.18 ശതമാനം കൂടുതലാണ്. 

ത്രൈമാസ അടിസ്ഥാനത്തിൽ മാർച്ച് പാദത്തെക്കാൾ അറ്റാദായം 17 ശതമാനം വർധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാന പാദത്തിൽ അറ്റാദയം 3,580.8 കോടി രൂപയായിരുന്നു (മാർച്ച് പാ​ദം). “2020 ജൂൺ 30 ന് അവസാനിച്ച പാദത്തിൽ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ എസ്‌ബി‌ഐ ലൈഫ് ഇൻ‌ഷുറൻസ് കമ്പനി ലിമിറ്റഡിലെ ഓഹരി വിൽപ്പനയിലൂടെ ലഭിച്ച 1,539.73 കോടി രൂപയും ലാഭത്തെ പ്രതിനിധീകരിക്കുന്നു,” ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.

ഏകീകൃത അടിസ്ഥാനത്തിൽ അറ്റാദായം 4,776.5 കോടി രൂപയായി ഉയർന്നു. 61.88 ശതമാനം വർധന. മുൻ സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ റിപ്പോർട്ട് ചെയ്ത 2,950.5 കോടി രൂപയെ അടിസ്ഥാനപ്പെ‌ടുത്തിയാണ് ഈ വർധനവ്.