തിരുവനന്തപുരം: കൊവിഡ് കാലത്തെ പ്രതിസന്ധികള്‍ പരസ്പര സഹായത്തോടെ തരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ വ്യവസായങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ (കെഎസ്‍യുഎം) നേതൃത്വത്തില്‍ സംഘടിപ്പിച്ച വെര്‍ച്വല്‍ എക്സ്പോയില്‍ അണിനിരന്നത് അന്‍പതോളം സ്റ്റാര്‍ട്ടപ്പുകളും അവയുടെ ഉല്പന്നങ്ങളും. 

വിവിധ വ്യവസായ സംഘടനകളുടെയും ഐടി കൂട്ടായ്മകളുടെയും സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ 2,500 സന്ദര്‍ശകരെത്തിയിരുന്നു. 350 തത്സമയ ആശയവിനിമയങ്ങളുമുണ്ടായിരുന്നു. 16 എന്‍റര്‍പ്രൈസ്ടെക് സ്റ്റാര്‍ട്ടപ്പുകളും ഒന്‍പത് ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളും 17 എഡ്ടെക് സ്റ്റാര്‍ട്ടപ്പുകളുമാണ് പരിപാടിയില്‍ പങ്കെടുത്തത്.  

കേരള സ്റ്റാര്‍ട്ടപ് മിഷന്‍ അപേക്ഷ ക്ഷണിച്ച് തിരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പുകള്‍ക്കായിരുന്നു വെര്‍ച്വല്‍ എക്സ്പോയില്‍ അവസരം നല്‍കിയിരുന്നത്. പൂര്‍ണ്ണ തോതില്‍ ഉല്പന്നങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകൾക്ക് മാത്രമാണ് അവസരം ലഭിച്ചത്. വ്യവസായങ്ങള്‍ക്ക് ബിസിനസ് വിപുലപ്പെടുത്താന്‍ സഹായകമാവുന്ന അതിനൂതന സാങ്കേതികവിദ്യകള്‍  സ്റ്റാര്‍ട്ടപ്പുകളുമായി കൂടിക്കാഴ്ച നടത്തി മിതമായ നിരക്കില്‍ നേടിയെടുക്കാന്‍ പരിപാടി സഹായകമായി. 

കഴിഞ്ഞ ജൂണില്‍ നടത്തിയ ഓണ്‍ലൈന്‍ പ്രദര്‍ശനത്തില്‍ നിരവധി വ്യവസായങ്ങള്‍ സ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങള്‍ വാങ്ങാന്‍ സന്നദ്ധത അറിയിച്ചിരുന്നു.  ഇനി മുതല്‍ രണ്ടു മാസം കൂടുമ്പോള്‍ വ്യത്യസ്ത മേഖലകള്‍ പ്രമേയമാക്കി പ്രദര്‍ശനം സംഘടിപ്പിക്കും. അടുത്ത എക്സ്പോ ഒക്ടോബര്‍ 26 മുതല്‍ 30  വരെ നടത്തും.