Asianet News MalayalamAsianet News Malayalam

ടാറ്റാ സൺസിൽ നിന്ന് ഷാപൂർജി പല്ലോഞ്ചി ഗ്രൂപ്പ് പുറത്തേക്ക്: ഓഹരി വാങ്ങാൻ തയ്യാറെന്ന് ടാറ്റാ ​ഗ്രൂപ്പ്

"70 വർഷത്തിലേറെയായി തുടർന്നുവന്ന എസ്പി-ടാറ്റ ബന്ധം പരസ്പര വിശ്വാസം, സൗഹൃദം എന്നിവയിലാണ് നിലനിന്നുപോന്നത്." 

Shapoorji Pallonji Group exit from Tata group
Author
New Delhi, First Published Sep 22, 2020, 9:43 PM IST

ടാറ്റാ സൺസിൽ നിന്ന് പുറത്തുകടക്കുമെന്ന് ഷാപൂർജി പല്ലോഞ്ചി ഗ്രൂപ്പ് (എസ്പി ഗ്രൂപ്പ്) ചൊവ്വാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് ബിസിനസ് ഗ്രൂപ്പുകൾ തമ്മിലുള്ള 70 വർഷമായി തുടർന്നുവന്ന ബന്ധം അവസാനിക്കുമെന്നുറപ്പായി.

ടാറ്റാ സൺസിൽ 18.5 ശതമാനം ഓഹരി പങ്കാളിത്തമുളള എസ്പി ഗ്രൂപ്പ് പുറത്തുവിട്ട പ്രസ്താവനയിലും ബന്ധം വേർപ്പെടുത്തുന്നതായി പറയുന്നു. തുടർച്ചയായ കോടതി വ്യവഹാരം ഉപജീവനത്തിലും സമ്പദ് വ്യവസ്ഥയിലും ഉണ്ടാക്കിയേക്കാവുന്ന ആഘാതം പരി​ഗണിച്ചാണ് ടാറ്റ ഗ്രൂപ്പിൽ നിന്ന് പിൻമാറുന്നതെന്ന് എസ് പി ​ഗ്രൂപ്പ് വ്യക്തമാക്കി. 

"70 വർഷത്തിലേറെയായി തുടർന്നുവന്ന എസ്പി-ടാറ്റ ബന്ധം പരസ്പര വിശ്വാസം, സൗഹൃദം എന്നിവയിലാണ് നിലനിന്നുപോന്നത്. ഇന്ന്, ഏറെ വിഷമത്തോടെയാണെങ്കിലും ​ഗ്രൂപ്പിന് മേലുളള താൽപര്യങ്ങൾ പരസ്പരം വേർതിരിക്കുന്നതാണ് എല്ലാ സ്റ്റേക്ക് ഹോൾഡർ ഗ്രൂപ്പുകൾക്കും ഏറ്റവും മികച്ചതെന്ന് മിസ്ട്രി കുടുംബം വിശ്വസിക്കുന്നു," എസ് പി ​ഗ്രൂപ്പ് പ്രസ്താവനയിൽ പറയുന്നു.

എസ്പി ഗ്രൂപ്പ് ഓഹരി വാങ്ങാൻ തയ്യാറാണെന്ന് ടാറ്റാ ​ഗ്രൂപ്പ് സുപ്രീം കോടതിയെ അറിയിച്ച് മണിക്കൂറുകൾക്കകമാണ് പ്രസ്താവനയുമായി മിസ്ട്രി കുടുംബം എത്തിയത്. ടാറ്റാ സൺസിലെ ഓഹരി പണയം വയ്ക്കുക, വിൽക്കുക പോലെയുളള നടപടികളിൽ നിന്ന് സുപ്രീം കോടതി മിസ്ട്രി ഗ്രൂപ്പിനെ വിലക്കി. കേസിൽ ഒക്ടോബർ 28 ന് അടുത്ത വാദം കേൾക്കുന്നതുവരെ സ്ഥിതിഗതികൾ മാറ്റമില്ലാതെ നിലനിർത്താൻ മിസ്ട്രി ​കുടുംബത്തോട് കോടതി ആവശ്യപ്പെട്ടു.

"18.37 ശതമാനം ഓഹരി കൈവശമുള്ള ഏറ്റവും വലിയ ന്യൂനപക്ഷ ഓഹരി ഉടമയെന്ന നിലയിൽ, ഇതുവരെ എസ്പി ഗ്രൂപ്പ് വഹിച്ച പങ്ക് എല്ലായ്പ്പോഴും രക്ഷാകർതൃത്വമായിരുന്നു, ടാറ്റ ഗ്രൂപ്പിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എല്ലായിപ്പോഴും പ്രവർത്തിച്ചിട്ടുളളത്. കൊറോണ മൂലമുളള സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് പോലും ഇത് തുടർന്നു. ടാറ്റ ഗ്രൂപ്പിന്റെ താൽപ്പര്യ സംരക്ഷണത്തിനായി എസ് പി ഗ്രൂപ്പ് എല്ലായ്പ്പോഴും വോട്ടവകാശമുളള ഒരു ഓഹരിയുടയുടെ അവകാശം വിനയോ​ഗിച്ചുകൊണ്ടേയിരുന്നു. " എസ് പി ​ഗ്രൂപ്പ് പ്രസ്താവനയിൽ പറയുന്നു. 

Follow Us:
Download App:
  • android
  • ios