മുംബൈ: പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയത്തിന്‍റെ ഓഹരികള്‍ വാങ്ങാന്‍ നിരവധി അന്താരാഷ്ട്ര കമ്പനികകള്‍ക്ക് താല്‍പര്യമുളളതായി റിപ്പോര്‍ട്ടുകള്‍. ഭാരത് പെട്രോളിയത്തിലുളള സര്‍ക്കാരിന്‍റെ ഓഹരി വിഹിതമായ 53.3 ശതമാനമാണ് വിറ്റഴിക്കുന്നത്. അന്താരാഷ്ട്ര കമ്പനികളായ റോസ്നെഫ്റ്റ്, അരാംകോ, കുവൈത്ത് പെട്രോളിയം, എക്സോണ്‍ മൊബീല്‍, ഷെല്‍, ടോട്ടല്‍ എസ് എ, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി തുടങ്ങിയവര്‍ക്ക് ഭാരത് പെട്രോളിയം ഏറ്റെടുക്കാന്‍ താല്‍പര്യമുളളതായാണ് റിപ്പോര്‍ട്ടുകള്‍. 

നവംബറില്‍ കമ്പനിയുടെ മൂല്യനിര്‍ണയം നടത്താന്‍ മര്‍ച്ചന്‍റ് ബാങ്കര്‍മാരെ സര്‍ക്കാര്‍ ക്ഷണിച്ചേക്കും. തുടര്‍ന്ന് 50 ദിവസം കൊണ്ട് മൂല്യനിര്‍ണയ റിപ്പോര്‍ട്ട് തയ്യാറാക്കി 2020 മാര്‍ച്ചിന് 31 ന് മുന്‍പ് ഓഹരി വില്‍പ്പന പൂര്‍ത്തിയാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. 

1.13 ലക്ഷം കോടി രൂപയാണ് ഭാരത് പെട്രോളിയത്തിന്‍റെ ഓഹരി മൂല്യം. പൊതുമേഖല ഓഹരി വില്‍പ്പനയിലൂടെ 1.05 ലക്ഷം കോടി രൂപ സമാഹരിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ലക്ഷ്യം. ഭാരത് പെട്രോളിയത്തിന്‍റെ മുഴുവന്‍ ഓഹരികളും സര്‍ക്കാര്‍ വിറ്റഴിച്ചാല്‍ ഏകദേശം 55,000 കോടി രൂപ നേടിയെടുക്കാനാകുമെന്നാണ് കണക്കാക്കുന്നത്.