തിരുവനന്തപുരം: നാനോ സാങ്കേതികവിദ്യയുടെ സഹായത്തോടെ ലോകത്തെ ലക്ഷക്കണക്കിന് അര്‍ബുദ രോഗികള്‍ക്ക് ആശ്വാസമാകുന്ന ചികിത്സാരീതി വികസിപ്പിച്ചെടുത്ത ഡോ. നുസ്രത്ത് സംഘമിത്ര എന്ന സംരംഭകയ്ക്ക് ബെയ്ജിംഗില്‍ നടന്ന ഇക്കൊല്ലത്തെ 'ഷീ  ലവ്സ് ടെക്' ആഗോള സ്റ്റാര്‍ട്ടപ് മത്സരത്തില്‍ പുരസ്കാരം. 

ഒഡിഷ സ്വദേശിയായ ഡോ. നുസ്രത്തിന്‍റെ സൈക്ക ഓങ്കോ സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ്‍യുഎം) കൊച്ചിയില്‍ സംഘടിപ്പിച്ച ഷീ ലവ്സ് ടെക് ദേശീയ മീറ്റില്‍ പുരസ്കാരം ലഭിച്ചിരുന്നു. തുടര്‍ന്ന് കെഎസ്‍യുഎം നുസ്രത്തിനെ ബെയ്ജിംഗിലെ ചതുര്‍ദിന ബൂട്ട് ക്യാമ്പിലേയ്ക്കും തൊട്ടുപിന്നാലെ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര സമ്മേളനത്തിലേയ്ക്കും അയച്ചിരുന്നു. നുസ്രത്തിന് മത്സരത്തില്‍ പങ്കെടുക്കാനുള്ള ചെലവ് കെഎസ് യുഎം ആണ് വഹിച്ചത്. 

ലോകത്തിലെ മികച്ച വനിതാ സംരംഭകരെ കണ്ടുപിടിക്കാന്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള നിരവധി സ്റ്റാര്‍ട്ടപ്പുകളെ പങ്കെടുപ്പിച്ചു നടത്തിയ ഈ മത്സരത്തില്‍ സൈക്ക ഓങ്കോ മൂന്നാമതെത്തി. ആദ്യസ്ഥാനം ജര്‍മനിയിലെ ഫന്‍റാസ്മ ലാബും രണ്ടാംസ്ഥാനം അമേരിക്കയിലെ കനൈറിയും സ്വന്തമാക്കി. ഫൈനലിലെത്തിയ 15 ടീമുകള്‍ക്ക് ആഗോളാടിസ്ഥാനത്തില്‍ നിക്ഷേപം ഉറപ്പാക്കുന്ന തരത്തിലാണ് ഉച്ചകോടി സംഘടിപ്പിച്ചിരുന്നത്. വിവിധ ബഹുരാഷ്ട്ര സ്ഥാപനങ്ങളുടെ പ്രതിനിധികളടക്കം സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. സമ്മേളനത്തില്‍തന്നെ 700 കോടിയോളം രൂപയുടെ നിക്ഷേപവാഗ്ദാനങ്ങളുണ്ടായിരുന്നു. 

അര്‍ബുദ ചികിത്സയില്‍ അതിനൂതനവും സൂക്ഷ്മവുമായ നാനോ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് സൈക്ക ഓങ്കോ. സൈപ്ലാറ്റിന്‍, സൈഗ്ലോബയോഫോര്‍ എന്നീ തന്‍മാത്രകള്‍ ഉപയോഗിച്ച്  അതിവേഗത്തില്‍ അര്‍ബുദ കോശങ്ങളില്‍ നേരിട്ട് മരുന്ന് എത്തിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. മറ്റു കോശങ്ങളെ നശിപ്പിക്കാതെ രോഗബാധിതമായ കോശങ്ങളുടെ ഭിത്തി തുളച്ചുകയറാന്‍ ശേഷിയുള്ള ഈ നാനോ ചികിത്സാരീതിയിലൂടെ ഇപ്പോള്‍ ഉപയോഗിക്കുന്ന മരുന്നിന്‍റെ അളവ് 90 ശതമാനം കണ്ട് കുറയ്ക്കാനാകും. സിസ്പ്ലാറ്റിന്‍ എന്ന ലോഹാധിഷ്ഠിതമായ ഇപ്പോഴത്തെ മരുന്നിനു പകരം അതിന്‍റെ തന്നെ വകഭേദമായ സൈപ്ലാറ്റിന്‍ എന്ന മരുന്നാണ് സൈക്ക ഓങ്കോ ഉപയോഗിക്കുന്നത്. അര്‍ബുദ കോശങ്ങള്‍ക്കൊപ്പം മറ്റു കോശങ്ങളെയും നശിപ്പിക്കുന്ന കീമോതെറാപ്പിക്കും പകരം സൈപ്ലാറ്റിന്‍  അര്‍ബുദകോശങ്ങളില്‍ തുളച്ചുകയറുകയാണ് ചെയ്യുന്നത്.  

രോഗികളും പൊതുജനാരോഗ്യ സംവിധാനവും ഇപ്പോഴത്തെ ചികിത്സയ്ക്കായി നേരിടുന്ന സാമൂഹിക, സാമ്പത്തിക ബാധ്യതകള്‍ വലിയൊരളവില്‍ ഇതിലൂടെ ഒഴിവാക്കാന്‍ കഴിയുമെന്ന് ഡോ. നുസ്രത്ത് ചൂണ്ടിക്കാട്ടി. ആന്‍റിബയോട്ടിക് മരുന്നുകളെ ചെറുത്തുനില്‍ക്കുന്ന രോഗാണുക്കളെ നശിപ്പിക്കുന്ന തരത്തില്‍ ഈ ആന്‍റിബയോട്ടിക്കുകളെ ശക്തിപ്പെടുത്തുന്നതിനും  ജീന്‍ തെറാപ്പിയില്‍ ഉപയോഗിക്കുന്നതിനും തങ്ങളുടെ ചികിത്സാരീതിക്ക് കഴിയുമെന്ന് നുസ്രത്ത് പറഞ്ഞു.

2017-ല്‍ ഭുവനേശ്വറില്‍ നുസ്രത്ത് തുടക്കമിട്ട സൈക്ക ഓങ്കോയ്ക്ക് ഇപ്പോള്‍ പൂനെയിലും അയര്‍ലാന്‍ഡിലെ കോര്‍ക്ക് യൂണിവേഴ്സിറ്റിയിലും ഗവേഷണകേന്ദ്രങ്ങളുണ്ട്. രസതന്ത്രത്തില്‍ ഗവേഷകയായിരുന്ന നുസ്രത്ത് ചുരുങ്ങിയ കാലത്തിനുള്ളില്‍തന്നെ നിരവധി  ഗവേഷണ ഫെലോഷിപ്പുകളും പുരസ്കാരങ്ങളും ഗ്രാന്‍റുകളും നേടിയിട്ടുണ്ട്. കാന്‍സര്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുക എന്നതായിരുന്നു തുടക്കത്തില്‍തന്നെ ഗവേഷണലക്ഷ്യം. സിസ്പ്ലാറ്റിനു പകരം മരുന്നു കണ്ടുപിടിച്ചെങ്കിലും അതു പാര്‍ശ്വഫലങ്ങള്‍ ഉളവാക്കുന്നതായിരുന്നു. തുടര്‍ന്ന് ഗവേഷണം രസതന്ത്രത്തില്‍നിന്ന് ജൈവ ഊര്‍ജതന്ത്രത്തിലേയ്ക്കും ജീവശാസ്ത്രത്തിലേയ്ക്കും തിരിച്ചുവിട്ട നുസ്രത്ത് യുഎസ്ജി എന്ന പ്രോട്ടീനും സിസ്പ്ലാറ്റിനും സംയോജിപ്പിച്ചാണ് സൈപ്ലാറ്റിന് രൂപം നല്‍കിയത്.