Asianet News MalayalamAsianet News Malayalam

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 2019 -20 സാമ്പത്തിക വർഷത്തെ പ്രവർത്തനഫലം പ്രഖ്യാപിച്ചു

നാലാം പാദത്തിൽ ബാങ്കിന്റെ പ്രവർത്തനലാഭം 533 കോടി രൂപയാണ്. ഇത് ബാങ്കിന്റെ ചരിത്രത്തിൽ എക്കാലത്തെയും ഉയർന്ന പ്രവർത്തനലാഭമാണ്. 

sib declare 2019-20 FY results
Author
Thiruvananthapuram, First Published Jun 26, 2020, 8:22 PM IST

തിരുവനന്തപുരം: സൗത്ത് ഇന്ത്യൻ ബാങ്ക് 2019 -20 സാമ്പത്തിക വർഷത്തിലെ പ്രവർത്തനഫലം പ്രഖ്യാപിച്ചു. 104.59 കോടി രൂപയാണ് അറ്റാദായം. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 247.53 കോടി രൂപയായിരുന്നു. അറ്റാദായത്തിൽ ഉള്ള കുറവിന് പ്രധാന കാരണമായത് സെക്യൂരിറ്റി റെസീറ്റിനായുള്ള മാർക്ക് ടു മാർക്കറ്റ് പ്രൊവിഷൻ തുകയായി 255 കോടി രൂപയും, കൊവിഡ്-19 മായി ബന്ധപ്പെട്ടു പ്രൊവിഷൻ തുകയായി 76 കോടി രൂപയും മാറ്റിവെക്കേണ്ടി വന്നതിനാലാണെന്ന് ബാങ്ക് വ്യക്തമാക്കി. 

നാലാം പാദത്തിൽ ബാങ്കിന്റെ പ്രവർത്തനലാഭം 533 കോടി രൂപയാണ്. ഇത് ബാങ്കിന്റെ ചരിത്രത്തിൽ എക്കാലത്തെയും ഉയർന്ന പ്രവർത്തനലാഭമാണ്. നാലാം പാദത്തിൽ ബാങ്കിന്റെ നഷ്ടം 143.68 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം നാലാംപാദത്തിലെ അറ്റാദായം 70.51 കോടി രൂപയായിരുന്നു.

മേൽപ്പറഞ്ഞ പ്രത്യേക നീക്കിയിരിപ്പുകൾ ഇല്ലായിരുന്നെങ്കിൽ ബാങ്കിന്റെ അറ്റാദായം നാലാംപാദത്തിൽ 104 കോടി രൂപയും വർഷത്തിൽ 351 കോടി രൂപയും ആകുമായിരുന്നെന്ന് ബാങ്കിന്റെ എം ഡിയും സിഇഒയുമായ വി ജി മാത്യു ഫലപ്രഖ്യാപന വേളയിൽ പറഞ്ഞു. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി 4.98% ആണ്. ഇത് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 4.92% ആയിരുന്നു. അറ്റ നിഷ്‌ക്രിയ ആസ്തി ഈ സാമ്പത്തിക വർഷത്തിൽ 3.45 ശതമാനത്തിൽ നിന്ന് 3.34% ആയി കുറഞ്ഞു. പ്രൊവിഷൻ കവറേജ് റേഷ്യോയിൽ ബാങ്കിന് ശ്രദ്ധേയമായ വർദ്ധന രേഖപ്പെടുത്തുവാൻ സാധിച്ചു. ഈ സാമ്പത്തിക വർഷത്തിൽ ഇത് 42.46%ത്തിൽ നിന്നും 54.22% ആയി വർദ്ധിച്ചു.

അറ്റപലിശ വരുമാനത്തിൽ 19% വർദ്ധനവും പ്രവർത്തനലാഭത്തിൽ 63% വർദ്ധനവും രേഖപ്പെടുത്തി. അറ്റ പലിശ മാർജിൻ ഈ സാമ്പത്തിക വർഷത്തിൽ 8 ബേസിസ് പോയിന്റ്‌സ് വർദ്ധന രേഖപ്പെടുത്തി.

റിസർവ് ബാങ്ക് പ്രഖ്യാപിച്ച മൊറാട്ടോറിയം ആനുകൂല്യം യോഗ്യതാടിസ്ഥാനത്തിൽ എല്ലാ ഉപഭോക്താക്കൾക്കും ബാങ്ക് നൽകി. മൊത്തം വായ്പയുടെ 36% ആണ് മൊറാട്ടോറിയം ആനുകൂല്യം സ്വീകരിച്ചത്. ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം ഈ സാമ്പത്തിക വർഷത്തിൽ 12.42%ത്തിൽ നിന്നും 13.41% ആയി ഉയർന്നു.

Follow Us:
Download App:
  • android
  • ios