ദില്ലി: സ്‌പൈസ്‌ജെറ്റും ഗള്‍ഫ് എയറും ഇന്‍റര്‍ലൈന്‍, കോഡ്‌ഷെയറിങ് ഉള്‍പ്പടെ വിവിധ വിഷയങ്ങളില്‍ ധാരണാപത്രം ഒപ്പിട്ടു. ഏകോപിപ്പിച്ച ചരക്ക് സേവനങ്ങള്‍, പൈലറ്റുമാരുടെ പരിശീലനം, എന്‍ജിനീയറിങ് സേവനങ്ങള്‍ എന്നീ വിഷയങ്ങളിലാണ് ഇരു കമ്പനികളും തമ്മില്‍ ധാരണയായത്. സ്‌പൈസ് ജെറ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിങ്, ഗള്‍ഫ് എയര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ക്രെസിമിര്‍ കുക്കോ എന്നിവരാണ് ബുധനാഴ്ച ധാരണാപത്രം ഒപ്പിട്ടത്.

അന്‍പതോളം സ്ഥലങ്ങളിലേക്കാണ് ഗള്‍ഫ് എയര്‍ പറക്കുന്നത്. സ്‌പൈസ്‌ജെറ്റിലെ യാത്രികര്‍ക്ക് ഇത് ഉപയോഗപ്പെടുത്താനാകും. അതുപോലെ ഗള്‍ഫ് എയറിലെ യാത്രകര്‍ക്ക് ഇന്ത്യയിലെമ്പാടും നെറ്റ്‍വര്‍ക്കുള്ള സ്‌പൈസ്‌ജെറ്റിന്‍റെ സേവനങ്ങളും പ്രയോജനപ്പെടുത്താനാകുമെന്നും അജയ് സിങ് പറഞ്ഞു. ഇരുവിമാനകമ്പനികളും വാണിജ്യപരമായ സഹകരണം മാത്രമാണുള്ളത്. അതേസമയം, എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങുന്നതിന് നിലവില്‍ താല്‍പര്യമില്ലെന്നും ക്രെസിമിര്‍ കുക്കോ വ്യക്തമാക്കി.

ഇന്‍ഡിഗോ എയര്‍ലൈന്‍സും ഖത്തര്‍ എയര്‍വേയ്‌സും തമ്മിലുള്ള കോഡ് ഷെയറിങ് കരാര്‍ ഡിസംബറില്‍ നിലവില്‍ വരുമെന്ന പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് സ്‌പൈസ്‌ജെറ്റും ഗള്‍ഫ് എയറും ധാരണാപത്രം  ഒപ്പിട്ടത്. ഇരു കരാറുകളും ഇന്ത്യന്‍ വിമാനക്കമ്പനികളുടെ വിദേശ അഭിലാഷങ്ങള്‍ക്ക് കരുത്തേകുകയും അതിവേഗം വളരുന്ന ഇന്ത്യന്‍ വ്യോമയാന മേഖലക്ക് ഗള്‍ഫ് കാരിയറിന്‍റെ നെറ്റ്‍വര്‍ക്കിലേക്കുള്ള കടന്നുകയറ്റം എളുപ്പമാക്കുകയും ചെയ്യും.