Asianet News MalayalamAsianet News Malayalam

Antrix- Devas Case : തട്ടിപ്പിന്റെ വിഷം അടങ്ങിയിട്ടുണ്ടെന്ന് സുപ്രീംകോടതി, കോൺഗ്രസ് തട്ടിപ്പെന്ന് ധനമന്ത്രി

ദേവാസ് അടച്ചുപൂട്ടാനുള്ള ട്രൈബ്യൂണൽ ഉത്തരവ് ശരിവച്ചാണ് കോടതി പരാമർശം. രാജ്യത്തിൻറെ പണം കൊള്ളയടിക്കാനുള്ള  യുപിഎ സർക്കാരിൻറെ നീക്കം തെളിഞ്ഞെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ആഞ്ഞടിച്ചു.

supreme court criticize against antrix devas case
Author
Delhi, First Published Jan 18, 2022, 6:55 PM IST

ദില്ലി: ഐഎസ്ആർഒയുടെ (ISRO)  വാണിജ്യവിഭാഗമായ ആൻട്രിക്സും സ്വകാര്യ കമ്പനിയായ ദേവാസും യുപിഎ കാലത്ത് ഉണ്ടാക്കിയ കരാറിൽ (Antrix Devas Case)  തട്ടിപ്പിൻറെ വിഷം അടങ്ങിയിട്ടുണ്ടെന്ന് സുപ്രീംകോടതിയുടെ (Supreme Court)  പരാമർശം. ദേവാസ് അടച്ചുപൂട്ടാനുള്ള ട്രൈബ്യൂണൽ ഉത്തരവ് ശരിവച്ചാണ് കോടതി പരാമർശം. രാജ്യത്തിൻറെ പണം കൊള്ളയടിക്കാനുള്ള  യുപിഎ സർക്കാരിൻറെ (UPA)  നീക്കം തെളിഞ്ഞെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ (Nirmala Sitaraman) ആഞ്ഞടിച്ചു.

ഐഎസ്ആർഒയുടെ വാണിജ്യവിഭാഗമായ ആൻട്രിക്സും വിദേശപങ്കാളിത്തമുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ ദേവാസിനുമിടയിൽ രണ്ടായിരത്തി അഞ്ചിലാണ് രണ്ട് ഉപഗ്രഹങ്ങളുടെ നടത്തിപ്പിനുള്ള കരാർ ഉണ്ടാക്കിയത്. തന്ത്രപ്രധാന എസ് ബാൻഡ് സ്പെക്ട്രവും ആയിരം കോടി രൂപയ്ക്ക് കൈമാറാൻ ധാരണയായിരുന്നു. എസ് ബാൻഡും ഉപ​ഗ്രഹ നടത്തിപ്പും കൈമാറിയതിൽ കോടികളുടെ നഷ്ടമുണ്ടാക്കി എന്ന് ആരോപണം ഉയർന്നതോടെ ഇടപാട് യുപിഎ സർക്കാർ റദ്ദാക്കി. പിന്നീട് കമ്പനി നിയമ ട്രൈബ്യൂണൽ ദേവാസ് അടച്ചു പൂട്ടാനുള്ള ഉത്തരവ് നല്കി. ഇടപാടിനെക്കുറിച്ച് അന്വേഷിച്ച സിബിഐ, മുൻ ഐഎസ്ആർഒ ചെയർമാൻ ജി. മാധവൻ നായർ ഉൾപ്പടെയുള്ളവരെ പ്രതികളാക്കിയിരുന്നു. 

കമ്പനി രൂപീകരിച്ചത് തട്ടിപ്പു നടത്തുക എന്ന ലക്ഷ്യത്തോടെയാണ്. അതു കൊണ്ട് അതിനു ശേഷമുള്ള ഇടപാടുകളിലും ഈ വിഷയം കാണുമെന്ന് സുപ്രീം കോടതി ഉത്തരവ് പറയുന്നു. തട്ടിപ്പാണ് ഉദ്ദേശമെങ്കിൽ കമ്പനി അടച്ചു പൂട്ടാം എന്ന ട്രൈബ്യൂണൽ നിലപാട് കോടതി ശരിവച്ചു. യുപിഎ കാലത്ത് കേസ് അട്ടിമറിക്കാൻ നീക്കം നടന്നു എന്നും മോദി സർക്കാരിനറെ ശക്തമായ നിലപാട് കാരണമാണ് അനുകൂല വിധി കിട്ടിയതെന്നും ധനമന്ത്രി നിർ‍മ്മല സീതാരാമൻ പ്രതികരിച്ചു. ഇത് കോൺഗ്രസിനു വേണ്ടി കോൺഗ്രസ് തന്നെ ചെയ്ത വൻ തട്ടിപ്പാണ്. അല്ലെങ്കിൽ ഇത്ര വലിയ തട്ടിപ്പ് നടക്കില്ല- ധനമന്ത്രി പറഞ്ഞു. 

ദേവാസിലെ  ഓഹരി പങ്കാളിത്തമുള്ള വിദേശ കമ്പനികൾ നൽകിയ കേസുകളിൽ അന്താരാഷ്ട്ര ട്രൈബ്യൂണലുകൾ 120 കോടി ഡോളർ വരെ നഷ്ടപരിഹാരം നല്കാൻ ഉത്തരവിട്ടിരുന്നു. കാനഡയിലെ ടൈബ്ര്യൂണൽ ഇൻറർ നാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ, അയാട്ടയിലെ എയർ ഇന്ത്യ ഓഹരി കണ്ടുകെട്ടാനും നിർദ്ദേശിച്ചു. വിദേശത്തെ ഈ കേസുകളിൽ സുപ്രീംകോടതി ഉത്തരവ് ആയുധമാകും എന്നാണ് സർക്കാരിന്റെ പ്രതീക്ഷ. 

Follow Us:
Download App:
  • android
  • ios