Asianet News MalayalamAsianet News Malayalam

സ്ത്രീകൾക്ക് രണ്ട് ദിവസത്തെ ആർത്തവ അവധി, വമ്പൻ പരിഷ്കാരവുമായി സ്വിഗി

ആർത്തവകാലത്ത് നിരന്തരം വണ്ടിയിൽ യാത്ര ചെയ്യുന്നത് സ്ത്രീ ജീവനക്കാർക്ക് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന തിരിച്ചറിവിൽ നിന്നാണ് കമ്പനി ആർത്തവ അവധി എന്ന തീരുമാനത്തിലേക്ക് എത്തിയത്.

Swiggy rolls out two day period time off for women delivery partners
Author
Mumbai, First Published Oct 21, 2021, 12:10 AM IST

മുംബൈ: തങ്ങളുടെ ഡെലിവറി പാർട്ണർമാരായ സ്ത്രീ ജീവനക്കാർക്ക്(women delivery partners) മാസത്തിൽ രണ്ടുദിവസം ശമ്പളത്തോടുകൂടിയ ആർത്തവ അവധി(period time off) അനുവദിക്കുമെന്ന് സ്വിഗി. ഇന്നു പുറപ്പെടുവിച്ച വാർത്താക്കുറിപ്പിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കുന്നത്. ആർത്തവകാലത്ത്(periods) നിരന്തരം വണ്ടിയിൽ യാത്ര ചെയ്യുന്നത് സ്ത്രീ ജീവനക്കാർക്ക് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന തിരിച്ചറിവിൽ നിന്നാണ് കമ്പനി ആർത്തവ അവധി എന്ന തീരുമാനത്തിലേക്ക് എത്തിയത്.

നിലവിൽ അധികം സ്ത്രീകൾ ഒന്നും ഡെലിവറി രംഗത്തേക്ക് കടന്നു വരുന്നില്ല. ഈ സാഹചര്യത്തിലാണ് വമ്പൻ പരിഷ്കാരം ലക്ഷ്യമിട്ടുകൊണ്ട് കമ്പനി തീരുമാനത്തിലെത്തിയത്. തങ്ങളുടെ റെഗുലർ ഡെലിവറി പാർട്ണർമാരായ സ്ത്രീകൾക്ക് ആർത്തവകാലത്ത് അവധി എടുക്കുന്നതിന് കാരണം ബോധിപ്പിക്കേണ്ട ആവശ്യവുമില്ല. സ്വിഗിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഡെലിവറി പാർട്ണർമാരിൽ 99 ശതമാനം സ്ത്രീകളും 45 വയസ്സിൽ താഴെ പ്രായമുള്ളവരാണ്. ഇതിൽ തന്നെ 89 ശതമാനം പേരും അമ്മമാരാണ്. ആയിരത്തോളം സ്ത്രീകളാണ് സ്വിഗിയുടെ ഡെലിവറി പാർട്ണർമാരായി പ്രവർത്തിക്കുന്നത്.

സ്വഗിയുടെ പ്രധാന എതിരാളിയായ സോമാറ്റോയിൽ ആർത്തവ നിലവില്‍ അവധിയുണ്ട്. എന്നാലിത് ഡെലിവറി പാർട്ണർമാർക്കല്ല. സ്ഥിരം ജീവനക്കാർക്ക് മാത്രമാണ് ആര്‍ത്തവ അവധി. അതേസമയം സ്ത്രീകളായ ഡെലിവറി പാർട്ണർമാർക്ക് ശൗചാലയം ആവശ്യാനുസരണം ഉപയോഗിക്കുന്നതിന് റസ്റ്റോറന്റ് ഉടമകളുമായി ഇരുകമ്പനികളും നേരത്തെ തന്നെ ധാരണയിലെത്തിയിട്ടുണ്ട്. ഡെലിവറി പാർട്ണർമാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു വേണ്ടി, അവർക്ക് സുരക്ഷിതമല്ലെന്ന് തോന്നുന്ന പ്രദേശങ്ങളിലേക്കുള്ള ഓർഡറുകൾ നിരസിക്കാൻ അവസരമുണ്ട്. ഇതിലൂടെ കൂടുതൽ സ്ത്രീകളെ ഡെലിവറി രംഗത്തേക്ക് കൊണ്ടുവരാൻ സാധിച്ചേക്കും.

Follow Us:
Download App:
  • android
  • ios