Asianet News MalayalamAsianet News Malayalam

കൊച്ചിയിലും വരുന്നു സ്വിഗ്ഗി അടുക്കള; മുടക്കുന്നത് കോടികൾ

രാജ്യത്തെ 14 നഗരങ്ങളിലായി 1000 ക്ലൗഡ് കിച്ചണുകൾ ഇതുവരെ സ്വിഗ്ഗി തുറന്നു. 175 കോടിയാണ് ഇതിനായി മുടക്കിയത്. 

swiggy will open cloud kitchen in Kochi
Author
New Delhi, First Published Nov 21, 2019, 8:48 PM IST

ദില്ലി: കൊച്ചിയടക്കം ഒട്ടേറെ നഗരങ്ങളിലേക്ക് കൂടി സ്വിഗ്ഗി അടുക്കള വരുന്നു. ഇതിനായി 75 കോടി രൂപയുടെ പദ്ധതിക്കാണ് സ്വിഗ്ഗി രൂപംകൊടുത്തിരിക്കുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തെ ക്ലൗഡ് കിച്ചണുകളുടെ എണ്ണം വർധിപ്പിക്കാനാണ് തീരുമാനം. രണ്ട് വർഷം മുൻപാണ് സ്വിഗ്ഗി ക്ലൗഡ് കിച്ചൺ പദ്ധതി ആരംഭിച്ചത്. സ്ഥലം ലീസിനെടുത്ത് ഇത് ചെറിയ ഭാഗങ്ങളാക്കി തിരിച്ച് സ്വകാര്യ ഹോട്ടൽ ശൃംഖലകൾക്കും മറ്റും നൽകി ഇവിടെ ഓൺലൈൻ ഓർഡറുകൾ മാത്രം സ്വീകരിക്കാനുള്ള സംവിധാനം ഒരുക്കുകയാണ് സ്വിഗ്ഗി ചെയ്യുന്നത്.

രാജ്യത്തെ 14 നഗരങ്ങളിലായി 1000 ക്ലൗഡ് കിച്ചണുകൾ ഇതുവരെ സ്വിഗ്ഗി തുറന്നു. 175 കോടിയാണ് ഇതിനായി മുടക്കിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ ക്ലൗഡ് കിച്ചൺ ഉള്ളതും സ്വിഗ്ഗിക്കാണ്. രണ്ടാം സ്ഥാനത്തുള്ള സൊമാറ്റോയ്ക്ക് 650 ഇടത്താണ് ക്ലൗഡ് കിച്ചണുള്ളത്. കൊച്ചി, തിരുപ്പൂർ, സൂറത്ത്, ബറേലി, ഗുവാഹത്തി എന്നിവിടങ്ങളിലാണ് ഇനി ക്ലൗഡ് കിച്ചണുകൾ പുതുതായി തുടങ്ങുന്നത്. അധികം വൈകാതെ ഏറ്റവും കൂടുതൽ ക്ലൗഡ് കിച്ചണുകളുള്ള സ്ഥലങ്ങളിൽ രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാവുമെന്നാണ് വിവരം.

ചൈനയാണ് ഒന്നാം സ്ഥാനത്ത്. ഈ പദ്ധതിയിൽ ഇതിനോടകം 250 ഹോട്ടലുകൾ പങ്കാളികളായിട്ടുണ്ട്. എട്ടായിരം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭ്യമാക്കിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 50 നഗരങ്ങളിലായി അരലക്ഷം ഹോട്ടലുകൾ സ്വിഗ്ഗിയിൽ പങ്കാളികളായെന്നാണ് അവർ 2014 ൽ പറഞ്ഞിരുന്നത്.

Follow Us:
Download App:
  • android
  • ios