Asianet News MalayalamAsianet News Malayalam

ടെക്നോസിറ്റി ടിസിഎസ് ക്യാമ്പസ്: ടിസിഎസും ടെക്നോപാര്‍ക്കും ധാരണാപത്രം ഒപ്പുവച്ചു; 20,000 പേർക്ക് തൊഴിലവസരം

ടിസിഎസും ടെക്നോപാര്‍ക്കും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു.

Tata Consultancy Services signs MoU with technopark for technocity campus
Author
Thiruvananthapuram, First Published Feb 18, 2021, 9:19 PM IST

തിരുവനന്തപുരം: ആഗോള ഐടി  പ്രമുഖരായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) കേരളത്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള പദ്ധതിയില്‍ ഒപ്പുവച്ചു. 1200-1500 കോടി രൂപയുടെ വന്‍ നിക്ഷേപം സംസ്ഥാനത്തേക്ക് കൊണ്ടുവരുന്ന പദ്ധതിക്കായി പളളിപ്പുറം ടെക്നോസിറ്റിയിലെ 97 ഏക്കര്‍ സ്ഥലം പാട്ടത്തിന് നല്‍കാനുള്ള ധാരണാപത്രത്തിലാണ് ഒപ്പുവച്ചത്.
 
വിജ്ഞാന സമ്പദ് വ്യവസ്ഥയാകാനുളള സംസ്ഥാനത്തിന്‍റെ തയ്യാറെടുപ്പിലെ പ്രധാന മുന്നേറ്റമായി കരാറിനെ മുഖ്യമന്ത്രി വിശേഷിപ്പിച്ചു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ടിസിഎസും ടെക്നോപാര്‍ക്കും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു.

കൊവിഡ് -19 മൂലമുണ്ടായ പ്രതിസന്ധിയെത്തുടര്‍ന്ന് നിരവധി കമ്പനികള്‍ വിപുലീകരണ പദ്ധതികള്‍ നിര്‍ത്തിവച്ചിരിക്കുന്ന സാഹചര്യത്തില്‍ പുതിയ ദൗത്യവുമായി ടിസിഎസ് മുന്നോട്ട് വന്നതിനെ പിണറായി വിജയൻ അഭിനന്ദിച്ചു. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി അദ്ധ്യക്ഷത വഹിച്ചു. 

20,000 ത്തോളം നേരിട്ടുള്ള തൊഴിലുകൾ നല്‍കുന്ന ഈ പദ്ധതി കേരളത്തിന്‍റെ ഐടി മേഖലയെ സംബന്ധിച്ച് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, മെഷീന്‍ ലേണിംഗ്, റോബോട്ടിക്സ്, ബ്ലോക്ക് ചെയിന്‍ തുടങ്ങിയ പുതിയ സാങ്കേതികവിദ്യകള്‍ പ്രയോഗിച്ചുകൊണ്ട് പ്രതിരോധ, എയ്റോസ്പേസ് ടെക്നോളജി സംരംഭങ്ങളുടെ പ്രധാന ലക്ഷ്യസ്ഥാനമായ ടെക്നോസിറ്റിയില്‍ ടിസിഎസ് കാമ്പസ് തുറക്കുന്നുവെന്നതും പ്രധാനമാണ്. ടിസിഎസ് കാമ്പസിനുള്ളില്‍ നിര്‍ദ്ദിഷ്ട സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്റര്‍ സ്ഥാപിക്കുന്നത് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്താന്‍ സഹായിക്കും. ടിസിഎസിന്‍റെ സാന്നിധ്യം കൂടുതല്‍ വന്‍കിട കമ്പനികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ടെക്നോപാര്‍ക്ക് സിഇഒ ശശി പിലാച്ചേരി മീത്തലും ടെക്നോപാര്‍ക്കിലെ ടിസിഎസിന്‍റെ കേരള ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്‍റും തലവനുമായ ദിനേശ് പി. തമ്പിയും തമ്മില്‍ കരാര്‍ കൈമാറി.

ടെക്നോസിറ്റിയിലെ 97 ഏക്കര്‍ സ്ഥലം 90 വര്‍ഷത്തേക്കാണ് ടിസിഎസിന് പാട്ടത്തിന് നല്‍കിയിട്ടുള്ളത്. എഞ്ചിനീയറിംഗ്, പ്രൊഡക്റ്റ് ഡവലപ്മെന്‍റ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സേവനങ്ങള്‍ ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ്, ബ്ലോക്ക് ചെയിന്‍, റോബോട്ടിക്സ്, ഡാറ്റാ അനലിറ്റിക്സ്, മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് തുടങ്ങിയ പുതിയ തലമുറ സാങ്കേതികവിദ്യയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് എയ്റോസ്പേസ് മേഖലകള്‍ ടെക്നോസിറ്റിയിലെ പുതിയ സമുച്ചയത്തില്‍ വരും. ഗ്രൂപ്പ് കമ്പനിയായ ടാറ്റ എല്‍ക്സി അവരുടെ ഡിജിറ്റല്‍ വികസന കേന്ദ്രം ടെക്നോസിറ്റിയില്‍ ടിസിഎസ് കാമ്പസിനുള്ളില്‍ സ്ഥാപിക്കും. 22-28 മാസങ്ങള്‍ക്കുള്ളില്‍ ഇത് പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
 

Follow Us:
Download App:
  • android
  • ios