മുംബൈ: എയർ ഇന്ത്യയുടെ ലേലത്തിൽ പങ്കെടുക്കാൻ താൽപര്യവുമായി ടാറ്റാ ഗ്രൂപ്പ്. ഇതിന്റെ ഭാ​ഗമായി വ്യവസായ- ധനകാര്യ പങ്കാളികളെ ഒപ്പം ചേർക്കാനുളള ശ്രമത്തിലാണവർ. എയർ ഇന്ത്യയുടെ ലേലത്തിനായുളള പ്രത്യേക ഉദ്ദേശ്യ കമ്പനിയിൽ ന്യൂനപക്ഷ ഓഹരി വിഹിതവും ടാറ്റാ ​ഗ്രൂപ്പ് ധനകാര്യ പങ്കാളികൾക്ക് വാഗ്ദാനം ചെയ്യുന്നതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. 

എയർ ഇന്ത്യയ്ക്കായുളള ലേലത്തിന് താൽപര്യ പത്രം (ഇഒഐ) സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 31 ആണ്.

സ്വകാര്യ ഇക്വിറ്റി ഫണ്ടുകളും യുഎസ് ആസ്ഥാനമായുള്ള ഫണ്ടുകളും ഉൾപ്പെടെയുളളവർ ടാറ്റയുമായി ധനകാര്യ പങ്കാളിത്തത്തിന് ശ്രമിക്കുന്നതായാണ് സൂചന. വിസ്താര, എയർ ഏഷ്യ ഇന്ത്യ എന്നീ രണ്ട് എയർലൈനുകൾ പ്രവർത്തിപ്പിക്കുന്നതിലെ അനുഭവവും മികച്ച ട്രാക്ക് റെക്കോർഡുമുളള ടാറ്റയുടെ പങ്കാളികളാകാൻ മിക്ക വ്യവസായ- ധനകാര്യ ഫണ്ടുകൾക്കും താൽപര്യമുളളതായാണ് റിപ്പോർട്ട്. 

ടാറ്റാ ഗ്രൂപ്പിന് ലഭിക്കുന്ന വിവിധ ധനകാര്യ ഓഫറുകളിൽ നിന്ന് പങ്കാളിയെ തിരഞ്ഞെടുക്കും. ഇഒഐ സമർപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നാണ് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നത്.