മുംബൈ: ഇന്ത്യന്‍ ഓണ്‍ലൈന്‍ ഗ്രോസറി സ്റ്റാര്‍ട്ടപ്പായ ബിഗ് ബാസ്‌കറ്റിന്റെ ഭൂരിഭാഗം ഓഹരികളും വാങ്ങാന്‍ ടാറ്റ ഗ്രൂപ്പ്. ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനാണ് നീക്കം. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നൂറ്റാണ്ടിലേറെ പഴക്കമുള്ള ടാറ്റ ഗ്രൂപ്പ്, സൂപ്പര്‍ ആപ്പ് എന്ന പുതിയ സംരംഭത്തിലൂടെ തങ്ങളുടെ കണ്‍സ്യൂമര്‍ ബിസിനസുകളെല്ലാം ഒരു കുടക്കീഴിലാക്കാന്‍ ആലോചിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയില്‍ വന്‍ നേട്ടം ലക്ഷ്യമിടുന്ന ആമസോണിനും റിലയന്‍സ് ഇന്റസ്ട്രീസിനും ടാറ്റയുടെ തീരുമാനം ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നതാണ്.

കൊവിഡ് കാലത്ത് വീടുകളില്‍ അകപ്പെട്ട ഇന്ത്യാക്കാര്‍ക്ക് ഫ്‌ലിപ്കാര്‍ട്ടും ആമസോണും പോലെ തന്നെ ഏറെ ഉപകാരപ്പെട്ടതാണ് ബിഗ് ബാസ്‌കറ്റും. എന്നാല്‍ ഇടപാടിനെ കുറിച്ച് പ്രതികരിക്കാന്‍ ബിഗ് ബാസ്‌കറ്റോ ടാറ്റ ഗ്രൂപ്പോ തയ്യാറായിട്ടില്ല. ബിഗ് ബാസ്‌കറ്റ് 200 ദശലക്ഷം ഡോളര്‍ നിക്ഷേപം സമാഹരിക്കാന്‍ നീക്കം നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.