ദില്ലി: രാജ്യത്തെ മോട്ടോർ വാഹന വിപണിയിൽ മാന്ദ്യമാണെങ്കിലും തൊഴിലാളികളെ കഷ്ടത്തിലാക്കുന്ന തീരുമാനത്തിനില്ലെന്ന് പ്രമുഖ മോട്ടോർ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോർസ്. വരും മാസങ്ങളിൽ പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലിറങ്ങുമ്പോൾ ഇപ്പോഴത്തെ നിലയിൽ മാറ്റം വരുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

നിലവിൽ ചരക്ക് വാഹനങ്ങളുടെയും യാത്രാ വാഹനങ്ങളുടെയും കാറ്റഗറികളിൽ 83,000 പേരാണ് കമ്പനിയിൽ ജോലി ചെയ്യുന്നത്. എന്നാൽ, തൊഴിലാളികളുടെ എണ്ണം കുറക്കാനുള്ള യാതൊരു പദ്ധതിയും തങ്ങളുടെ പരിഗണനയിലില്ലെന്ന് ടാറ്റ മോട്ടോർസ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ഗുയന്തർ ബുറ്റ്ചെക് പറഞ്ഞു. ഇങ്ങനെയൊരു നടപടി എടുക്കാൻ കമ്പനി തീരുമാനിച്ചിരുന്നെങ്കിൽ അത് നേരത്തെ
എടുത്തേനെയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 12 മാസമായി കമ്പനി പ്രതിസന്ധിയിലാണെന്ന കാര്യവും അദ്ദേഹം പറഞ്ഞു. അൽട്രോസ്, നെക്സോൺ ഇവി, ഗ്രാവിറ്റാസ് എസ്‌യുവി തുടങ്ങിയ പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലിറങ്ങുന്നതിലാണ് കമ്പനിയുടെ പ്രതീക്ഷ.