30 കമ്പനികള്‍ക്കായി 110000 സ്‌ക്വയര്‍ഫീറ്റ് സ്ഥലം അനുവദിക്കുന്നതിന് നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിലൂടെ 1600ഓളം തൊഴിലവസരങ്ങളാണ് ടെക്നോപാര്‍ക്കില്‍ ഉടന്‍ സൃഷ്ടിക്കപ്പെടുക. 

തിരുവനന്തപുരം: കൊവിഡ് (Covid 19) സാമ്പത്തിക മേഖലയെ തകര്‍ത്തെറിഞ്ഞ കാലത്തും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏറെ സഹായമായി ടെക്‌നോപാര്‍ക്ക്(Technopark). കൊവിഡ് കാലത്ത് പുതുതായി 1500ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. 41 കമ്പനികള്‍ക്കായി ഒരു ലക്ഷത്തോളം സ്‌ക്വയര്‍ഫീറ്റ് സ്ഥലം ടെക്നോപാര്‍ക്കില്‍ 2020-21 സാമ്പത്തിക വര്‍ഷം അനുവദിച്ചിരുന്നു. ഇതോടൊപ്പം 30 കമ്പനികള്‍ക്കായി 110000 സ്‌ക്വയര്‍ഫീറ്റ് സ്ഥലം അനുവദിക്കുന്നതിന് നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിലൂടെ 1600ഓളം തൊഴിലവസരങ്ങളാണ് ടെക്നോപാര്‍ക്കില്‍ ഉടന്‍ സൃഷ്ടിക്കപ്പെടുക. നിലവില്‍ 465 കമ്പനികളിലായി 63700 ജീവനക്കാരാണ് ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നത്. ടെക്നോപാര്‍ക്കിന്റെ വളര്‍ച്ചയ്ക്കൊപ്പം ഈ കമ്പനികളും വളര്‍ച്ചയുടെ പാതയിലാണ്.

ബഹിരാകാശ സാങ്കേതിക വിദ്യകളുടെ ഉല്‍പ്പാദനവും വിപണനവും ലക്ഷ്യമിട്ട് ടെക്നോസിറ്റിയില്‍ ടിസിഎസ് എയ്റോസ്പെയ്സ് ഹബ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ടെക്നോപാര്‍ക്ക് ഫെയ്സ് ത്രീ ക്യാംപസില്‍ 57 ലക്ഷം സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ എംബസി - ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം, ടെക്നോസിറ്റിയിലൊരുങ്ങുന്ന ബ്രിഗേഡ് എന്റര്‍പ്രൈസസിന്റെ വേള്‍ഡ് ട്രേഡ് സെന്റര്‍ തിരുവനന്തപുരം തുടങ്ങിയ സംരംഭങ്ങളിലൂടെ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കയറ്റുമതി വരുമാനത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 611 കോടി രൂപയുടെ വര്‍ധന ടെക്നോപാര്‍ക്ക് 2020-21 സാമ്പത്തിക വര്‍ഷം നേടിയെടുത്തു. 460 കമ്പനികളില്‍ നിന്നായി 8,501 കോടി രൂപയുടെ കയറ്റുമതി വരുമാനമാണ് ടെക്നോപാര്‍ക്ക് നേടിയെടുത്തത്. 2019-20 സാമ്പത്തിക വര്‍ഷം ടെക്നോപാര്‍ക്കിലുണ്ടായിരുന്ന 450 കമ്പനികളില്‍ നിന്നായി 7,890 കോടി രൂപയായിരുന്നു കയറ്റുമതി വരുമാനം. 2019-20 സാമ്പത്തിക വര്‍ഷം ടെക്നോപാര്‍ക്കിലെ ജീവനക്കാരുടെ എണ്ണം 62,000 ആയിരുന്നു. കഴിഞ്ഞ 20 മാസത്തിനിടെ 1,700 ജീവനക്കാര്‍ കൂടി ടെക്നോപാര്‍ക്കില്‍ ജോലി നേടി.

ടെക്നോപാര്‍ക്ക് ഓരോ വര്‍ഷവും മികച്ച വളര്‍ച്ചാ നിരക്കാണ് കാഴ്ച്ചവെയ്ക്കുന്നതെന്ന് കേരളാ സ്റ്റേറ്റ് ഐടി പാര്‍ക്ക്സ് സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു. മഹാമാരിക്കിടയിലും വളര്‍ച്ച നിലനിര്‍ത്താനായത് കൂടുതല്‍ കമ്പനികളെയും നിക്ഷേപകരെയും ടെക്നോപാര്‍ക്കിലേക്ക് ആകര്‍ഷിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സഹായിക്കും. ഇനിയും മുന്നേറ്റത്തിനാണ് ടെക്നോപാര്‍ക്കും കേരള ഐ.ടിയും ലക്ഷ്യമിടുന്നതെന്നും ജോണ്‍ എം. തോമസ് പറഞ്ഞു.