മുംബൈ: ഇന്‍ഫോസിസ് ലിമിറ്റഡിന്റെ  മാനേജ്‌മെന്റിനെതിരെ ഉയര്‍ന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങള്‍ സ്ഥിരീകരിക്കാന്‍ പ്രഥമദൃഷ്ട്യാ തെളിവുകളൊന്നുമില്ലെന്ന് കമ്പനി വ്യക്തമാക്കി. ഹ്രസ്വകാല വരുമാനവും ലാഭവും വര്‍ദ്ധിപ്പക്കാന്‍ ഇന്‍ഫോസിസ് മാനേജ്‌മെന്റ് അനധികൃത നടപടികള്‍ സ്വീകരിച്ചെന്നായിരുന്നു വിസില്‍ബ്ലോവേഴ്‌സ് ആരോപിച്ചത്. എത്തിക്കല്‍ എംപ്ലോയീസ് എന്ന അജ്ഞാത സംഘം ഇന്‍ഫോസിസ് ബോര്‍ഡിനും യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനും (എസ്ഇസി) വിഷയം ഉന്നയിച്ച് പരാതി
നല്‍കിയിരുന്നു.

ഇതേ തുടര്‍ന്ന് ഉച്ചയ്ക്ക് 12:34 ന് ഇന്‍ഫോസിസിന്റെ ഓഹരികള്‍ 3.7 ശതമാനം ഉയര്‍ന്ന് 713.55 ഡോളറിലെത്തി.

ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് ഓഡിറ്റ് കമ്മിറ്റി നിയമ സ്ഥാപനമായ ഷാര്‍ദുല്‍ അമര്‍ചന്ദ് മംഗല്‍ദാസ് ആന്‍ഡ് കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്വതന്ത്ര അന്വേഷണ കമ്മീഷന്‍ വരുന്നതിന് മുമ്പ് ആഭ്യന്തര ഓഡിറ്റര്‍മാരായ ഏണസ്റ്റ് ആന്‍ഡ് യംഗ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. അവര്‍ നല്‍കിയ അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിസില്‍ബ്ലോവേഴ്‌സ് ഉന്നയിച്ച ആരോപണങ്ങളില്‍ ചില വിഷയങ്ങള്‍ പുന:പരിശോധിക്കുവാന്‍ സ്വതന്ത്ര ഇന്‍റേണല്‍ ഓഡിറ്റര്‍മാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് ഇന്‍ഫോസിസ് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്വേഷണ റിപ്പോര്‍ട്ടുകളുടെ പ്രധാന കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ അപ്‌ഡേറ്റ് ചെയ്യുമെന്ന് ഇന്‍ഫോസിസ് വ്യക്തമാക്കി. എല്‍ഒഡിആര്‍ റെഗുലേഷന്റെ റെഗുലേഷന്‍ 30 പ്രകാരം കമ്പനി സമയബന്ധിതമായി വെളിപ്പെടുത്തലുകള്‍ നടത്തുന്നത് തുടരുമെന്ന് ഇന്‍ഫോസിസ് വ്യക്തമാക്കി.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ ഇന്‍ഫോസിസ് ശക്തമായ നിലയിലേക്ക് എത്തിയിരുന്നു. 2020 സാമ്പത്തിക വര്‍ഷത്തിലെ വരുമാന ഗൈയ്ഡില്‍ ഇന്‍ഫോസിസ് മാറ്റം വരുത്തിയിരുന്നു. 8.5- 10 ശതമാനത്തില്‍ നിന്ന് 9- 10 ശതമാനത്തിലേക്കാണ് 2020 റവന്യു ഗൈഡന്‍സില്‍ കമ്പനി മാറ്റം വരുത്തിയത്. വലിയ ഇടപാടുകളും വിപണിയില്‍ ഇന്‍ഫോസിസ് ഓഹരിയിലുണ്ടായ മുന്നേറ്റത്തെ തുടര്‍ന്നുമായിരുന്നു ഇത്.