നിർമാണം പൂർത്തീകരിച്ച ആധുനിക രീതിയിലുള്ള തൃശ്ശൂരിലെ വടക്കേച്ചിറ ബസ് സ്റ്റാൻഡ് നാടിന് സമർപ്പിച്ചു. ഏറെ ചരിത്ര പ്രാധാന്യമുളള ബസ് സ്റ്റേഷനാണിത്. ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച വടക്കേച്ചിറ ബസ് ഹബ് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിം​ഗ് വഴിയാണ് ഉദ്ഘാടനം ചെയ്തത്. കോർപറേഷന്റെ ഉടമസ്ഥതയിലുള്ള വടക്കേച്ചിറ ബസ് സ്റ്റാൻഡ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ (എസ്ഐബി) സാമൂഹിക പ്രതിബദ്ധതാ ഫണ്ടിൽ നിന്നും ആറ് കോടിയോളം രൂപയും കോർപറേഷൻ വക 1.40 കോടി രൂപയും ചെലവിട്ടാണ് നവീകരിച്ചത്. 

മന്ത്രി എ സി മൊയ്തീൻ, മന്ത്രി വി എസ് സുനിൽകുമാർ, സൗത്ത് ഇന്ത്യൻ ബാങ്ക് എംഡി വി ജി മാത്യു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മനോഹരമായി രൂപകൽപന ചെയ്ത മേൽക്കൂര, ഒരേ സമയം 20 ബസ്സുകൾക്കുള്ള ആധുനിക പാർക്കിംഗ് സൗകര്യം, ബസ് ഹബ്ബിൽ പ്രവേശിക്കാത്ത ബസ്സുകൾക്ക് ആളുകളെ കയറ്റാനും ഇറക്കാനുമുള്ള പ്രത്യേക സ്ഥലം, സ്ത്രീകൾക്കുള്ള കാത്തിരിപ്പ് മുറി, അമ്മമാർക്കായുളള പ്രത്യേക മുറി, പോലീസ് കൺട്രോൾ റൂം, പൊതു അറിയിപ്പ് മുറി, എടിഎം, കോൺഫറൻസ് ഹാളും ഓഫീസ് മുറിയും, മൂന്ന് കിയോസ്‌കുകൾ, റെസ്റ്റോറന്റ്, മെഡിക്കൽ സ്റ്റോർ എന്നിവയാണ് പുതിയ സൗകര്യങ്ങളായി നിർമിച്ചിരിക്കുന്നത്. ചലനക്ഷമതയില്ലാത്തവർക്കായി വീൽചെയർ ഉപയോഗിക്കാവുന്ന ശുചിമുറിയും ഒരുക്കിയിട്ടുണ്ട്. സുരക്ഷിതത്വം ഉറപ്പാക്കാൻ ബസ് ഹബ്ബിൽ സിസിടിവി നിരീക്ഷണവുമുണ്ട്.  

ദിവസേന ആയിരക്കണക്കിന് പേർ വന്നുപോകുന്ന തൃശൂർ വടക്കേച്ചിറ ബസ് സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുണ്ടായിരുന്നു. തൃശൂർ കോർപറേഷനുമായുള്ള ചർച്ചകളുടെ അടിസ്ഥാനത്തിൽ, തങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിക്ക് കീഴിൽ വടക്കേച്ചിറ ബസ് ഹബ്ബിന്റെ നവീകരണ പ്രവർത്തനങ്ങൾ സൗത്ത് ഇന്ത്യൻ ബാങ്ക് ഏറ്റെടുക്കുകയായിരുന്നു. ഇതുസംബന്ധിച്ച നിർദ്ദേശം 2016ൽ ബാങ്കിന്റെ ബോർഡ് അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 6.16 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി ബാങ്ക് ചെലവഴിച്ചിട്ടുണ്ട്. 

 

ബസ് സ്റ്റേഷൻ ഹബ്ബിന്റെ പരിപാലനവും ബാങ്കിന്
    
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഇത്തരം പ്രധാന സാമൂഹിക പ്രതിബദ്ധത പദ്ധതികളെ മാതൃകയാക്കി കേരളത്തിലെ പല ധനകാര്യ സ്ഥാപനങ്ങളും ഇന്ന് മുന്നോട്ട് വന്നിട്ടുണ്ട്. കൂടാതെ ബാങ്കിന്റെ മറ്റു പദ്ധതികളായ പരപ്പൂർ ഫുട്‌ബോൾ ക്ലബ്ബ്, സ്‌കോളർഷിപ് പദ്ധതിയായ എസ്ഐബി സ്‌കോളർ മുതലായ പദ്ധതികൾക്കും നല്ല പ്രതികരണമാണ് കേരളത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. 

തൃശൂർ കോർപറേഷനുമായുള്ള വടക്കേ സ്റ്റാൻഡ് പുനരുദ്ധാരണ ധാരണാപത്രം 2018 ആഗസ്റ്റ് ഒമ്പതിനാണ് ഒപ്പുവെച്ചത്. ശിലാസ്ഥാപനം 2018 നവംബർ 10ന് നടത്തി. തൃശൂരിലെ ആർക്കിടെക്ട്‌സ് & എഞ്ചിനീയേഴ്‌സ്  അസോസിയേഷനാണ് പ്രൊജക്ട് കൺസൾട്ടന്റ്‌സായി ഈ പദ്ധതിയെ രൂപകൽപന ചെയ്തത്.  അനിൽ സന്തോഷ് അസോസിയേറ്റ്‌സാണ് കരാർ ഏറ്റെടുത്തത്. 2019 മാർച്ച് 13ന് പ്രവർത്തനാനുമതി ലഭിച്ച ഈ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കിയാണ് തൃശൂർ കോർപ്പറേഷന് കൈമാറുന്നത്. 

അടുത്ത പത്ത് വർഷത്തേക്കുള്ള ബസ് സ്റ്റേഷൻ ഹബ്ബിന്റെ പരിപാലനവും ബാങ്ക് ഏറ്റെടുത്തിട്ടുണ്ട്. ഹൗസ്‌കീപ്പിംഗിനായി ഒരു ഏജൻസിക്ക് പുറംതൊഴിൽ കരാർ നൽകിയിരിക്കുകയാണ്. കടകളിൽ നിന്നുളള വരുമാനം ബസ് ഹബ്ബിന്റെ പരിപാലനത്തിനായി ഉപയോഗിക്കും.

എന്നാൽ, ആധുനിക ഹബ് ആക്കി പുതുക്കി നിർമിച്ച വടക്കേ ബസ് സ്റ്റാൻഡിൽ ബസും യാത്രക്കാരും എത്താൻ ഇനിയും കാത്തിരിക്കണം. തൊഴിലാളികളുടെയും ഓട്ടോറിക്ഷാ തൊഴിലാളികളുടെയും സംഘടനാ നേതാക്കളുമായി കോർപറേഷൻ, പൊലീസ് അധികാരികൾ കൂടിയാലോചന നടത്തിയ ശേഷമേ ഹബ് തുറക്കൂ. ബസ് സ്റ്റാൻഡ് തുറക്കുന്നതും ആധുനിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതും ചർച്ച ചെയ്യാൻ ഉടൻ യോഗം വിളിക്കുമെന്നും കോർപ്പറേഷൻ മേയർ അജിത ജയരാജൻ പറഞ്ഞു.

സ്റ്റാൻഡിലെ സൗകര്യങ്ങളും സംവിധാനങ്ങളും സംബന്ധിച്ച അറിയിപ്പുകൾ എഴുതിയ ബോർഡുകൾ സ്ഥാപിക്കും. പുതിയ സ്റ്റാൻഡ് തുറക്കുന്നതോടെ വടക്കേ സ്റ്റാൻഡിനും അക്വാറ്റിക് കോംപ്ലക്സിനും അടുത്ത് പ്രവർത്തിച്ചിരുന്ന താൽക്കാലിക ബസ് സ്റ്റാൻഡ് അടച്ചിടും.