Asianet News MalayalamAsianet News Malayalam

ടിവി ഇറക്കുമതി നിയന്ത്രണം: തൊഴിലവസരം വർധിപ്പിക്കും; ആഭ്യന്തര ഉൽപ്പാദകർക്ക് വൻ നേട്ടമെന്ന് വിപണി വിദ​ഗ്ധർ

പ്രതിവർഷം 1.6 കോടി മുതൽ 1.7 കോടിവരെയാണ് രാജ്യത്തെ ടിവി വിൽപ്പന. ഇതിന്റെ 30 ശതമാനവും ചൈന, തായ്‌ലന്റ്, വിയറ്റ്നാം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കമ്പനികളാണ് കൊണ്ടുപോകുന്നത്. 

TV imports ban to help domestic manufactures
Author
New Delhi, First Published Aug 1, 2020, 6:07 PM IST

ദില്ലി: കേന്ദ്രസർക്കാർ രാജ്യത്തേക്കുള്ള കളർ ടിവി ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ ആഭ്യന്തര ഉൽപ്പാദകർക്ക് വിപണിയിൽ മുന്നേറ്റമുണ്ട‌ാകുമെന്ന് വിപണി വിദ​ഗ്ധർ. ആഭ്യന്തര ടെലിവിഷൻ ഉൽപ്പാദകർക്ക് വിപണിയിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ സാധിക്കുന്നതും അതേസമയം തൊഴിലവസരം വർധിപ്പിക്കുന്നതുമാണ് കേന്ദ്രസർക്കാരിന്റെ നയമാറ്റം എന്നാണ് വിലയിരുത്തൽ. 

പ്രമുഖ ബ്രാന്റുകളായ സോണി ഇന്ത്യ, എൽജി, പാനാസോണിക്, തോംസൺ എന്നിവയ്ക്ക് പുറമെ ഡിക്സൺ ടെക്നോളജീസ് പോലുള്ള കരാർ നിർമ്മാതാക്കളും കേന്ദ്ര തീരുമാനത്തിൽ സന്തോഷം അറിയിച്ചു. രാജ്യത്ത് തദ്ദേശീയമായി നിർമ്മിക്കുന്ന ടിവികൾക്ക് ഡിമാന്റ് കൂടുമെന്ന വലിയ പ്രതീക്ഷയിലാണ് കമ്പനികൾ. ഇത് കേന്ദ്രസർക്കാരിന്റെ ശരിയായ തീരുമാനമാണെന്നും ആഭ്യന്തര ഉൽപ്പാദകർക്ക് ആഗോള തലത്തിൽ തന്നെ വലിയ വിപണി സാധ്യത കൈവരിക്കാൻ അവസരം ഒരുക്കുന്നതാണെന്നും ഡിക്സൺ ടെക്നോളജീസ് ചെയർമാൻ സുനിൽ വചനി അഭിപ്രായപ്പെട്ടു.

വിദേശ നിർമ്മിത ടിവികളുടെ രാജ്യത്തേക്കുള്ള കുത്തൊഴുക്ക് നിലയ്ക്കും. പ്രതിവർഷം 1.6 കോടി മുതൽ 1.7 കോടിവരെയാണ് രാജ്യത്തെ ടിവി വിൽപ്പന. ഇതിന്റെ 30 ശതമാനവും ചൈന, തായ്‌ലന്റ്, വിയറ്റ്നാം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കമ്പനികളാണ് കൊണ്ടുപോകുന്നത്. ഏഴായിരം കോടിയാണ് ഈ തരത്തിൽ വിദേശത്തേക്ക് എത്തുന്നതെന്നും സുനിൽ വചനി ബിസിനസ് സ്റ്റാൻഡേർഡിനോട് പറഞ്ഞു. 

കളർ ടിവി ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഒരു ഉൽപ്പന്നത്തെ നിയന്ത്രിത വിഭാഗത്തിൽ ഡിജിഎഫ്‌ടി ഉൾപ്പെടുത്തിക്കഴിഞ്ഞാൽ പിന്നെ ആ ഉൽപ്പന്നം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ വാണിജ്യ മന്ത്രാലയത്തിന് കീഴിലെ ഡിജിഎഫ്‌ടിയിൽ നിന്ന് തന്നെ പ്രത്യേക ഉത്തരവ് വാങ്ങിക്കേണ്ടതുണ്ട്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ ടിവി ഇറക്കുമതി ചെയ്യുന്നത് അയൽ രാജ്യമായ ചൈനയിൽ നിന്നാണ്. വിയറ്റ്നാം, മലേഷ്യ, ഹോങ്കോങ്, കൊറിയ, ഇന്തോനേഷ്യ, തായ്‌ലന്റ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയിലെ ടെലിവിഷൻ വിപണിയിൽ നിന്ന് നേട്ടമുണ്ടാക്കുന്ന മറ്റ് രാജ്യങ്ങൾ.

Follow Us:
Download App:
  • android
  • ios