ദില്ലി: കൊവിഡ് -19 പ്രതിസന്ധി മൂലം തൊഴില്‍ നഷ്ടമായവര്‍ക്ക് ക്യാഷ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സ്‌കീം വഴി ധനസഹായം ഉറപ്പാക്കണമെന്ന് സിഐഐ (കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി) പ്രസിഡന്റ് ഉദയ് കൊട്ടക്. 25,000 രൂപയ്ക്ക് താഴെ ശമ്പളം വാങ്ങുന്നവരുടെ സ്ഥിതി അപകടകരമാണ്. ഇത്തരക്കാരിൽ തൊഴിൽ നഷ്ടമാകുന്നവർക്ക് സര്‍ക്കാര്‍ പണം നേരിട്ട് കൈമാറുന്ന സ്‌കീം ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഭാഗത്തിന്റെ തൊഴില്‍ കൊവിഡ് പകര്‍ച്ചവ്യാധിയില്‍ പ്രശ്‌നത്തിലായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"തൊഴില്‍ നഷ്ടപ്പെടുത്തവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പണം നേരിട്ട് കൈമാറുന്ന സംവിധാനം ആരംഭിക്കണം. എനിക്ക് തോന്നുന്നത് 25,000 രൂപയ്ക്ക് താഴെ ശമ്പളം വാങ്ങുന്നവരുടെ തൊഴില്‍ അപകടത്തിലാണെന്നാണ്. ഈ വിഭാഗത്തില്‍ തൊഴില്‍ നഷ്ടമാകുന്നവര്‍ക്ക് ശമ്പളത്തിന്റെ 50 മുതല്‍ 75 ശതമാനം വരെ തുക സര്‍ക്കാര്‍ നല്‍കണം," അദ്ദേഹം ന്യൂസ് ഏജന്‍സിയായ എന്‍എന്‍ഐയോട് പറഞ്ഞു.

പലിശ രഹിതമായി ആറ് മാസ മൊറട്ടോറിയത്തോടെ വായ്പ സംവിധാനം ഏര്‍പ്പെടുത്തുന്നത് ധനകാര്യ മേഖലയുടെ മുന്നേറ്റത്തിന് സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഭൂമി, തൊഴിൽ പരിഷ്കാരങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ട അദ്ദേഹം അമേരിക്കയുമായുള്ള വ്യാപാര യുദ്ധം മൂലം ചൈനയിൽ നിന്ന് പുറത്തുപോകുന്ന ബിസിനസ്സുകളെ ആകർഷിക്കുന്നതിനായി ഇന്ത്യയിൽ ഈസ് ഓഫ് ഡുയിംഗ് ബിസിനസ് വർദ്ധിപ്പിക്കാനും ആവശ്യപ്പെട്ടു.