മുംബൈ: മൊബൈല്‍ സേവന ദാതാക്കളില്‍ ജിയോക്കും എയര്‍ടെലിനും മുന്‍പേ പ്രീപെയ്ഡ് നിരക്കുകള്‍ ഉയര്‍ത്താനുള്ള തീരുമാനത്തില്‍ വൊഡഫോണ്‍ ഐഡിയ. ഡിസംബറില്‍ നിരക്കുയര്‍ത്താനാണ് തീരുമാനം. ജിയോയും എയര്‍ടെലും വിയുടെ തീരുമാനത്തിന് പിന്നാലെ നിരക്ക് വര്‍ധിപ്പിക്കും. നിലവിലെ നിരക്കുകള്‍ അനുസരിച്ച് കമ്പനിക്ക് മുന്നോട്ട് പോകാനാവില്ലെന്ന് സിഇഒ രവീന്ദര്‍ തക്കാര്‍ വ്യക്തമാക്കി. മറ്റ് കമ്പനികളും തങ്ങള്‍ക്ക് പിന്നാലെ നിരക്കുയര്‍ത്തുമെന്ന കാര്യത്തിലാണ് കമ്പനി ആശ്വാസം കണ്ടെത്തുന്നത്.

നിലവില്‍ ടെലികോം സെക്ടറിലെ ലീഡിങ് കമ്പനി ജിയോയാണ്. 400 ദശലക്ഷം ഉപഭോക്താക്കളാണ് അവര്‍ക്കുള്ളത്. എയര്‍ടെല്‍ തങ്ങളുടെ ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം ഉയര്‍ത്താനുള്ള പരിശ്രമത്തിലാണ്. ഈ സ്ട്രാറ്റജി തന്നെയാണ് വൊഡഫോണ്‍ ഐഡിയയും പരീക്ഷിക്കാന്‍ ആലോചിക്കുന്നത്. ഒരു ഉപഭോക്താവില്‍ നിന്ന് 300 രൂപയെങ്കിലും ശരാശരി വരുമാനമില്ലാതെ കമ്പനിക്ക് നിലനില്‍ക്കാനാവില്ലെന്നാണ് രവീന്ദര്‍ തക്കാര്‍ അഭിപ്രായപ്പെടുന്നത്. എയര്‍ടെല്‍ സിഇഒ ഗോപാല്‍ വിത്തലിനും സമാനമായ അഭിപ്രായമാണ്.