ദില്ലി: വൊഡഫോണ്‍ ഐഡിയ സിഇഒയും മാനേജിങ് ഡയറക്ടറുമായ രവീന്ദര്‍ തക്കറിന് മൂന്ന് വര്‍ഷത്തേക്ക് ഒരു രൂപ  പോലും പ്രതിഫലം നല്‍കില്ല. തക്കറിന്റെ ചെലവുകള്‍ കമ്പനി വഹിക്കും. 25ാമത് വാര്‍ഷിക ജനറല്‍ ബോര്‍ഡി യോഗത്തിന്റെ നോട്ടീസിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സെപ്റ്റംബര്‍ 30നാണ് വാര്‍ഷിക ജനറല്‍ ബോഡി യോഗം നിശ്ചയിച്ചിരിക്കുന്നത്. മുന്‍ എംഡിയും സിഇഒയുമായ ബലേഷ് ശര്‍മ്മ സ്ഥാനമൊഴിഞ്ഞതോടെയാണ് തക്കാറിനെ നിയമിച്ചത്. 2019 ആഗസ്റ്റ് 19 മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. 8.59 കോടിയായിരുന്നു ബലേഷ് ശര്‍മ്മയുടെ വേതനം. 

തക്കറിന്റെ യാത്ര, ലോഡ്ജിങ്, ബോര്‍ഡിങ്, വിനോദം തുടങ്ങി ബിസിനസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മുഴുവന്‍ ചെലവും കമ്പനിയാണ് വഹിക്കുക. ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലടക്കം ഒരു യോഗത്തിലും പങ്കെടുക്കുന്നതിന് അദ്ദേഹത്തിന് പണം നല്‍കില്ല.