ദില്ലി: സർക്കാർ സഹായം ഇല്ലാതെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് വോഡഫോൺ ഐഡിയ പണം നൽകാനുള്ളവരോട് പറഞ്ഞതായി റിപ്പോർട്ട്. സമയബന്ധിതമായി വായ്പാ തിരിച്ചടവ് നടക്കണമെങ്കിൽ ടെലികോം വകുപ്പിന്റെ ഭാഗത്ത് നിന്നുള്ള സഹായം കൂടിയേ തീരൂ എന്നാണ് വ്യക്തമാക്കിയിരിക്കുന്നതെന്നാണ് വിവരം. സർക്കാരിൽ നിന്ന് സഹായം തേടുന്നതിന് പുറമെ, കമ്പനി തങ്ങളുടെ ഡാറ്റ സെന്ററുകളും ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്കും വിൽക്കാനും ശ്രമം നടക്കുന്നുണ്ട്.

വോഡഫോൺ ഐഡിയ ലിമിറ്റഡിന്റെ കഴിഞ്ഞ പാദത്തിലെ സംയോജിത നഷ്ടം അരലക്ഷം കോടിയിലേറെയാണ്. കമ്പനിക്ക് ഒരു ലക്ഷം കോടിയോളം രൂപയുടെ വായ്പ വിവിധ ബാങ്കുകളിലായുണ്ട്. ഇതിന് പുറമെയാണ് ലൈസൻസ് ഫീ, സ്പെക്ട്രം യൂസേജ് ചാർജ്, പലിശയും പിഴയും എന്നിവയടക്കം 44000 കോടി നൽകാൻ കമ്പനിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ സർക്കാരിലേക്ക് അടക്കേണ്ട 44000 കോടിയിൽ ഏതെങ്കിലും തരത്തിലുള്ള ഇളവ് ലഭിക്കുമെന്നാണ് കമ്പനിയുടെ ഇപ്പോഴത്തെ പ്രതീക്ഷ. പിഴയും പലിശയും നികുതിയും ഒഴിവാക്കി സ്പെക്ട്രം തുക അടക്കുന്നതിന് മൊറട്ടേറിയം കൂടി ഏർപ്പെടുത്തണമെന്നാണ് കമ്പനിയുടെ ആവശ്യം.

സുപ്രീം കോടതി വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ അനുഭാവപൂർണ്ണമായ നടപടി പ്രതീക്ഷിക്കുന്നതായും കമ്പനി പറയുന്നുണ്ട്. സെപ്തംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ കമ്പനിയുടെ ആകെ വരുമാനം 10440 കോടിയായിരുന്നു. പ്രവർത്തന ലാഭം 3347.1 കോടിയും. എന്നാൽ കനത്ത നഷ്ടം നേരിട്ട സാഹചര്യത്തിൽ ഇനി സർക്കാരിൽ നിന്ന് അനുകൂല നിലപാടുണ്ടായില്ലെങ്കിൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.