ദില്ലി: ബ്രസീലിയന്‍ ഐടി കമ്പനി ഇവിയ സെര്‍വിയോസ് ദി ഇന്‍ഫോര്‍മിറ്റിക ലിമിറ്റഡിനെ ഏറ്റെടുത്തതായി വിപ്രോ അറിയിച്ചു. ജൂലൈയില്‍ ഒപ്പുവച്ച കരാര്‍ പ്രകാരം 169 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയത്. 

ഇവിയയുടെ പ്രധാന ഇടപാടുകാരെല്ലാം ബ്രസീലില്‍ തന്നെയാണ്. ഇന്നലെയാണ് വിപ്രോ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയത്. ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ഇത് സംബന്ധിച്ച രേഖകള്‍ കമ്പനി സമര്‍പ്പിച്ചു. ഇവിയയുടെ പ്രാദേശികമായ പ്രവര്‍ത്തന മികവും ദീര്‍ഘകാല ബന്ധങ്ങളും വിപ്രോയ്ക്ക് ബ്രസീലില്‍ ചുവടുറപ്പിക്കാന്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷ.

ആകെ 722 ജീവനക്കാരാണ് ഇവിയയ്ക്ക് ഉണ്ടായിരുന്നത്. 2019 ഡിസംബറിലെ കണക്കുകള്‍ അനുസരിച്ചാണിത്. 13.5 ദശലക്ഷം ഡോളറായിരുന്നു കമ്പനിയുടെ 2019 കലണ്ടര്‍ വര്‍ഷത്തിലെ വരുമാനം. ഈ ഏറ്റെടുക്കലോടെ ബ്രസീലിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ വിപ്രോയ്ക്ക് പ്രവര്‍ത്തനം സാധ്യമാകും.