മുംബൈ: കൊവിഡ് -19 സാമ്പത്തിക ആഘാതം മൂലം വിപ്രോ ലിമിറ്റഡിലെ ജീവനക്കാർക്ക് തൊഴിൽ നഷ്ടം ഉണ്ടാകില്ലെന്ന് ചെയർമാൻ റിഷാദ് പ്രേംജി. തിങ്കളാഴ്ച നടന്ന കമ്പനിയുടെ 74-ാമത് വാർഷിക പൊതുയോഗത്തിലാണ് (എജിഎം) അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. “ഇപ്പോൾ ആരെയും ജോലിയിൽ നിന്ന് പിരിച്ചുവിടാൻ ഞങ്ങൾക്ക് പദ്ധതിയില്ല,” പ്രേംജി യോ​ഗത്തിൽ പറഞ്ഞു.

എന്നാൽ, വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ നിന്ന് രക്ഷനേടാൻ വിപ്രോ വിവിധ “പ്രവർത്തന മാർഗങ്ങളിലൂടെ” ചെലവ് കുറയ്ക്കുന്ന നടപടികൾ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

"നിലവിൽ, 95% വിപ്രോ ജീവനക്കാരും വീട്ടിൽ നിന്നാണ് ജോലി ചെയ്യുന്നത്, ഭാവിയിൽ ഇതൊരു ഹൈബ്രിഡ് മോഡലാകുമെന്ന് പ്രതീക്ഷിക്കുന്നു. വീട്ടിൽ നിന്നുള്ള ജോലിയും ഓഫീസിൽ നിന്നുള്ള ജോലിയും തമ്മിലുള്ള സന്തുലിതാവസ്ഥയിലേക്ക് നീങ്ങാം. അടുത്ത 12-18 മാസത്തിനുള്ളിൽ ഈ മോഡൽ വികസിക്കും," പ്രേംജി പറഞ്ഞു.

യുഎസ് സർക്കാർ എച്ച് 1-ബി വിസ നിരോധിച്ചതിനെക്കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കകളെ അഭിസംബോധന ചെയ്ത പ്രേംജി ഈ നീക്കം നിർഭാഗ്യകരമാണെന്ന് വിശേഷിപ്പിച്ചു. 70 ശതമാനം യുഎസ് ജീവനക്കാരെയും പ്രാദേശികമായാണ് നിയമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.