Asianet News MalayalamAsianet News Malayalam

ചെങ്ങറ സമര ഭൂമിയിൽ കൊവിഡ് വ്യാപനം രൂക്ഷം; അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തത് വെല്ലുവിളി

സമര ഭൂമിയിൽ വൈദ്യുതി ഇല്ലാത്തതിനാൽ കുട്ടികൾ കൂട്ടത്തോടെ ഒരു സ്ഥലത്തിരുന്നാണ് ഓൺലൈൻ പഠനം നടത്തുന്നത്. പ്രദേശം കണ്ടെയ്മെന്‍റ്  സോണായതോടെ ദിവസ ജോലിക്ക് പുറത്തുപോയി ജീവിക്കുന്നവരും പ്രതിസന്ധിയിലാണ്. 

Covid 19 cases spread in chengara land struggle areas
Author
Chengara, First Published Jul 25, 2021, 10:23 AM IST

പത്തനംതിട്ട: പത്തനംതിട്ട ചെങ്ങറ സമര ഭൂമിയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് നടത്തിയ കൂട്ട പരിശോധനയിൽ 18 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സമര ഭൂമിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തത് കൂടുതൽ വെല്ലുവിളിയാവുകയാണ്.

ആദ്യ തരംഗത്തിൽ കൊവിഡിനെ ചെങ്ങറ സമരഭൂമിയില്‍ നിന്ന് അകറ്റി നിർത്താനായിരുന്നു. എന്നാല്‍ സമര ഭൂമിയിലെ പ്രതിരോധം രണ്ടാം തരംഗത്തിൽ താളം തെറ്റുകയാണ്. അഞ്ഞൂറോളം കുടുംബങ്ങളിലായി ആയിരത്തി അഞ്ഞൂറിലേറെ ആളുകളാണ് ചങ്ങറയിൽ താമസിക്കുന്നത്. രോഗം വന്നാൽ പെട്ടന്നു പടർന്നു പിടിക്കാനുള്ള സാധ്യതയേറെയാണ്. 

സമര ഭൂമിയിലെ ചിലർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് മലയാലപ്പുഴ പഞ്ചായത്തിന്റെ നിർദേശ പ്രകാരം കൂട്ട പരിശോധന നടത്തിയത്. പ്ലാസ്റ്റിക്കും ഓലയും കൊണ്ട് മറച്ച കുടിലുകൾ ആയതിനാൽ രോഗം സ്ഥിരീകരിക്കുന്നവരെ വീടുകളിൽ പാർപ്പിക്കുവാൻ കഴിയില്ല. ഭൂരിഭാഗം വീടുകളിലും ശൗചാലയങ്ങൾ ഇല്ലാത്തതും പ്രതിസന്ധിയാണ്. നിലവിൽ രോഗം സ്ഥിരീകരിച്ചവരെയെല്ലാം മലയാലപ്പുഴയിലേയും വടശ്ശേരിക്കരയിലേയും കൊവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റി. 

സമര ഭൂമിയിൽ വൈദ്യുതി ഇല്ലാത്തതിനാൽ കുട്ടികൾ കൂട്ടത്തോടെ ഒരു സ്ഥലത്തിരുന്നാണ് ഓൺലൈൻ പഠനം നടത്തുന്നത്. പ്രദേശം കണ്ടെയ്മെന്‍റ്  സോണായതോടെ ദിവസ ജോലിക്ക് പുറത്തുപോയി ജീവിക്കുന്നവരും പ്രതിസന്ധിയിലാണ്. കുടിലുകൾ പട്ടിണിയിലാകാനുള്ള സാധ്യതയുമുണ്ട്. ഇവിടെ താമസിക്കുന്നവർക്ക് റേഷൻ കാർഡില്ലാത്തതിനാൽ ഭക്ഷണ വിതരണത്തിനും സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് ഉയരുന്ന ആവശ്യം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios