Asianet News MalayalamAsianet News Malayalam

വാക്സിനേഷനിൽ പുതിയ റെക്കോഡുമായി കേരളം, കണ്ടെയ്ൻമെന്‍റ് സോണിൽ പുതിയ വാക്സീൻ നയം

സംസ്ഥാനത്ത് ഇന്ന് നടന്നത് റെക്കോഡ് നമ്പർ വാക്സിനേഷനാണ്. ഇന്നത്തെ വാക്സിനേഷൻ 5,27,000 കടന്നു. 5,15,000 ആണ് ഇതുവരെ ഉള്ള റെക്കോർഡ്. അതേസമയം, കണ്ടെയ്ൻമെന്‍റ് സോണുകളിൽ കൊവിഡില്ലാത്ത എല്ലാവർക്കും വാക്സീൻ നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

covid 19 vaccination strategy in kerala
Author
Thiruvananthapuram, First Published Aug 13, 2021, 7:57 PM IST

തിരുവനന്തപുരം: വാക്സിനേഷനിൽ പുതിയ റെക്കോഡുമായി കേരളം. സംസ്ഥാനത്ത് ഇന്ന് നടന്നത് റെക്കോഡ് നമ്പർ വാക്സിനേഷനാണ്. ഇന്നത്തെ വാക്സിനേഷൻ 5,35,074 കടന്നു. 5,15,000 ആണ് ഇതുവരെ ഉള്ള റെക്കോർഡ്. അതേസമയം, കണ്ടെയ്ൻമെന്‍റ് സോണുകളിൽ കൊവിഡില്ലാത്ത എല്ലാവർക്കും വാക്സീൻ നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ച ശേഷം 5 ലക്ഷത്തിലധികം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി. സംസ്ഥാനത്തിന് 4.02 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി കേന്ദ്രസർക്കാർ അനുവദിച്ചെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 

യജ്ഞത്തിന്റെ ഭാഗമായി ഇന്ന് മാത്രം 5,35,074 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 4,64,849 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 70,225 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി. സംസ്ഥാനത്തെ ഏറ്റവുമധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ ദിനമാണിന്ന്. ഇതിന് മുമ്പത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വാക്‌സിനേഷന്‍ 5.15 ലക്ഷമായിരുന്നു. വാക്‌സിന്റെ ക്ഷാമം പരിഹരിച്ചതോടെ കൂടുതല്‍ പേര്‍ക്ക് ഒരേസമയം വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. വാക്‌സിനേഷന്‍ യജ്ഞത്തിനായി ഇനിയും കൂടുതല്‍ വാക്‌സിന്‍ ആവശ്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

60 വയസിന് മുകളില്‍ പ്രായമായ എല്ലാവര്‍ക്കും 18 വയസിന് മുകളില്‍ പ്രായമുള്ള കിടപ്പ് രോഗികള്‍ക്കും ആഗസ്റ്റ് 15ന് മുമ്പ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാണ് വാക്‌സിനേഷന്‍ യജ്ഞത്തിലൂടെ ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ഇന്ന് മാത്രം 1.2 ലക്ഷം മുതിര്‍ന്ന പൗരന്‍മാര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ച ശേഷം ഈ വിഭാഗത്തിലുള്ള 5.04 ലക്ഷത്തോളം പേര്‍ക്കാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്.

സംസ്ഥാനത്തിന് 4,02,400 ഡോസ് വാക്‌സിന്‍ കൂടി ഇന്ന് ലഭ്യമായിട്ടുണ്ട്. 3,02,400 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും ഒരു ലക്ഷം ഡോസ് കോവാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരം 1,02,390, എറണാകുളം 1,19,050, കോഴിക്കോട് 80,960 എന്നിങ്ങനെ ഡോസ് കോവീഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരത്ത് ഒരു ലക്ഷം ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്.

1,465 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 339 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1804 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,33,88,216 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,68,03,422 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 65,84,794 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 47.87 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 18.76 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 58.55 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 22.94 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

ഇന്ന് നടന്ന കൊവിഡ് അവലോകനയോഗത്തിലാണ് കൊവിഡില്ലാത്ത എല്ലാവർക്കും വാക്സീൻ നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ എല്ലാവര്‍ക്കും പരിശോധന നടത്തും. നെഗറ്റീവ് റിസല്‍ട്ടുള്ള മുഴുവന്‍ പേരേയും മുന്‍ഗണന നല്‍കി വാക്‌സിനേറ്റ് ചെയ്യും. 

വാക്‌സിനേഷന്‍ യജ്ഞം ദ്രുതഗതിയില്‍ നടപ്പാക്കാന്‍ എല്ലാ ജില്ലകളിലും ഊര്‍ജ്ജിതമായ പ്രവര്‍ത്തനം നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ജില്ലകള്‍ക്ക് അനുവദിച്ചിരിക്കുന്ന വാക്‌സിന്‍ ഡോസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. വലിപ്പത്തിനനുസരിച്ച് 10 ജില്ലകള്‍ ഒരു ദിവസം 40,000 വാക്‌സിനേഷനും മറ്റു നാലു ജില്ലകള്‍ 25,000 വാക്‌സിനേഷനും നല്‍കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്ത് ആഗസ്റ്റ് 14, 15, 16 തീയതികളില്‍ വാക്‌സിനേഷന്‍ ഡ്രൈവ് നടത്തും. എല്ലാ പൊതുപരിപാടികള്‍ക്കും മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണ്. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍, പരീക്ഷകള്‍, പ്ലസ് വണ്‍ പ്രവേശനം എന്നിവ ആരംഭിക്കേണ്ടതിനാല്‍ അദ്ധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണത്തോടനുബന്ധിച്ച് പൂക്കളമിടുന്നതൊഴികെയുള്ള ആഘോഷപരിപാടികള്‍ ഒഴിവാക്കണം. 

വീടുകള്‍ക്കുള്ളിലെ കോവിഡ് വ്യാപനം നിയന്ത്രിക്കാനാവശ്യമായ ബോധവല്‍ക്കരണ പരിപാടികള്‍ ആരോഗ്യ വകുപ്പ് സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

ഇന്ന്, 20452 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ടിപിആർ 14.35 ശതമാനമാണ്. രാജ്യത്തെ ഏറ്റവുമുയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രോഗികളുടെ എണ്ണവും കേരളത്തിലാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios