നാലു മത്സരങ്ങളില്‍ നിന്നായി 18 വീതം ഫോറും സിക്സും പറത്തിയ വൈഭവ് 50 റണ്‍സ് ശരാശരിയും 266.67 എന്ന മാരകപ്രഹരശേഷിയും നിലനിര്‍ത്തുന്നു.

ഗുവാഹത്തി: ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പിന് പുതിയ അവകാശി. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 26 പന്തില്‍ 78 റണ്‍സടിച്ച രാജസ്ഥാൻ റോയല്‍സിന്‍റെ 15കാരന്‍ വൈഭവ് സൂര്യവംശിയാണ് നാലു മത്സരങ്ങളില്‍ 200 റണ്‍സുമായി ഐപിഎല്ലിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ മുന്നിലെത്തിയത്. സഹതാരം യശസ്വി ജയ്സ്വാളിനെ(183) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വൈഭവിന്‍റെ തേരോട്ടം.

നാലു മത്സരങ്ങളില്‍ നിന്നായി 18 വീതം ഫോറും സിക്സും പറത്തിയ വൈഭവ് 50 റണ്‍സ് ശരാശരിയും 266.67 എന്ന മാരകപ്രഹരശേഷിയും നിലനിര്‍ത്തുന്നു. ആര്‍സിബിക്കെതിരെ 15 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വൈഭവ് സീസണിലെ രണ്ടാം അര്‍ധസെഞ്ചുറിയാണ് ഇന്ന് നേടിയത്. നേരത്തെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയും വൈഭവ് 15 പന്തില്‍ അര്‍ധസെഞ്ചുറി കുറിച്ചിരുന്നു. 43 പന്തില്‍ 81 റണ്‍സുമായി പുറത്താകാതെ നിന്ന് ആര്‍സിബിക്കെതിരെ രാജസ്ഥാനെ വിജയവര കടത്തിയ ധ്രുവ് ജുറെലാണ് 176 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തുള്ളത്.

View post on Instagram

ഇതോടെ ഐപിഎല്‍ റണ്‍വേട്ടയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളും രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍ സ്വന്തമാക്കി. ഡല്‍ഹി ക്യാപിറ്റല്‍സ് താരം സമീര്‍ റിസ്‌വി(160), കൊല്‍ക്കത്തയുടെ അംഗ്രിഷ് രഘുവംശി(155) എന്നിവരാണ് റണ്‍വേട്ടക്കാരിലെ ആദ്യ അഞ്ചിലുള്ളത്. ഹെന്‍‌റിച്ച് ക്ലാസന്‍(145), രജത് പാട്ടീദാര്‍(142), വിരാട് കോലി(129), ദേവ്ദത്ത് പടിക്കല്‍(129), അജിങ്ക്യാ രഹാനെ(124) എന്നിവരാണ് ആദ്യ പത്തിലുള്ള താരങ്ങള്‍.

ആര്‍സിബിക്കെതിരെ രണ്ട് വിക്കറ്റ് വീഴ്ത്തി രാജസ്ഥാന്‍റെ രവി ബിഷ്ണോയ് ആണ് വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയത്. നാലു മത്സരങ്ങളില്‍ 9 വിക്കറ്റുമായാണ് ബിഷ്ണോയ് ഒന്നാം സ്ഥാനത്തെത്തിയത്. ഗുജറാത്തിന്‍റെ പ്രസിദ്ധ് കൃഷ്ണ(6), റാഷിദ് ഖാന്‍(5), ഡല്‍ഹിയുടെ ലുങ്കി എംഗിഡി(5), രാജസ്ഥാന്‍റെ ജോഫ്ര ആര്‍ച്ചര്‍(5) എന്നിവരാണ് വിക്കറ്റ് വേട്ടക്കാരില്‍ ആദ്യ അഞ്ചിലുള്ളത്.