ഓപ്പണിംഗ് വിക്കറ്റില്‍ 42.2 ഓവറില്‍ 188 റൺസടിച്ച സാക് ക്രോളിയും ബെന്‍ ഡക്കറ്റും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് അടുപ്പിച്ചത്.
ലീഡ്സ്: ഇന്ത്യക്കെതിരായ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ബെന്‍ ഡക്കറ്റിന്‍റെ അപരാജിത സെഞ്ചുറിയുടെ കരുത്തില്‍ ജയത്തിലേക്ക് ബാറ്റ് വീശി ഇംഗ്ലണ്ട്. അവസാന ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെന്ന ശക്തമായ നിലയിലാണ്. 126 റണ്‍സുമായി ഡക്കറ്റും 10 റണ്‍സോടെ ജോ റൂട്ടും ക്രീസില്‍. 65 റണ്‍സെടുത്ത സാക്ക് ക്രോളിയുടെയും എട്ട് റണ്‍സെടുത്ത ഒല്ലി പോപ്പിന്‍റെയും വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. പ്രസിദ്ധ് കൃഷ്ണക്കാണ് രണ്ട് വിക്കറ്റും.
നേരത്തെ ആദ്യ സെഷനില്‍ ഇന്ത്യക്ക് ഒരു വിക്കറ്റ് പോലും വീഴ്ത്താനായിരുന്നില്ല. 49 ഓവറും എട്ട് വിക്കറ്റും ശേഷിക്കെ ഇംഗ്ലണ്ടിന് ജയത്തിന് 143 റണ്‍സ് കൂടി മതി. ഓപ്പണിംഗ് വിക്കറ്റില്‍ 42.2 ഓവറില്‍ 188 റൺസടിച്ച സാക് ക്രോളിയും ബെന്‍ ഡക്കറ്റും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് അടുപ്പിച്ചത്. സെഞ്ചുറിക്ക് അരികെ 98ല്‍ നില്‍ക്കെ മുഹമ്മദ് സിറാജിന്‍റെ പന്തില്‍ ബെന്‍ ഡക്കറ്റ് നല്‍കിയ ക്യാച്ച് സ്ക്വയര്‍ ലെഗ് ബൗണ്ടറിയില്‍ നിന്ന് ഓടിയെത്തിയെങ്കിലും യശസ്വി ജയ്സ്വാള്‍ കൈവിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി.
ആദ്യ മണിക്കൂറില്‍ ന്യൂ ബോളിന്‍റെ ആനുകൂല്യവും മൂടിക്കെട്ടിയ അന്തരീക്ഷവും മുതലെടുത്ത് വിക്കറ്റ് വീഴ്ത്താമെന്ന ഇന്ത്യൻ പ്രതീക്ഷകള്‍ അസ്ഥാനത്താക്കിയാണ് ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റും സാക്ക് ക്രോളിയും ക്രീസിലുറച്ചത്.ആദ്യ മണിക്കൂറില്‍ ബുമ്രയെ കരുതലോടെ നേരിട്ട ഇംഗ്സണ്ട് ഓപ്പണര്‍മാര്‍ റണ്ണടിക്കുന്നതിനെക്കാള്‍ വിക്കറ്റ് വീഴാതെ പിടിച്ചു നില്‍ക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ബുമ്രയുടെ സ്പെല്‍ അവസാനിച്ച് പ്രസിദ്ധും ഷാര്‍ദ്ദുല്‍ താക്കൂറും സിറാജും പന്തെറിയാനെത്തിയതോടെ സ്കോറിംഗ് വേഗം കൂട്ടിയ ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ ലക്ഷ്യത്തോട് അടുത്തു. ലഞ്ചിന് ശേഷം നേരിയ ചാറ്റല്‍ മഴമൂലം മത്സരം കുറച്ചു സമയം നിര്‍ത്തിവെച്ചെങ്കിലും ഓവറുകള്‍ നഷ്ടമായില്ല.
