മുന്‍കാലങ്ങളില്‍ ഒരു കളിക്കാരന്‍ ഫോം ഔട്ടായാല്‍ അയാളെ ടീമില്‍ നിന്നൊഴിവാക്കുകയും ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോം തെളിയിച്ചാല്‍ ടീമില്‍ തിരിച്ചെത്തുകയുമായിരുന്നു രീതി. എന്നാല്‍ ഇന്ന് ആരെങ്കിലും ഫോം ഔട്ടായാല്‍ ഉടന്‍ അവര്‍ക്ക് വിശ്രമം അനുവദിക്കും. ഇതില്‍ ആര്‍ക്കും പ്രശ്നമൊന്നും തോന്നുന്നില്ലെയെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ ചോദിച്ചു.

മുംബൈ: ഇംഗ്ലണ്ടിനെതിരായ പരമ്പരക്കു പിന്നാലെ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും വിരാട് കോലിക്കും ജസ്പ്രത് ബുമ്രുക്കുമെല്ലാം വിശ്രമം അനുവദിച്ച സെലക്ടര്‍മാരുടെ നടപടിക്കെതിരെ മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. എന്താണ് ഈ വിശ്രമത്തിന്‍റെ അര്‍ത്ഥമെന്നും ഇവര്‍ക്ക് ഇനിയും എത്ര വിശ്രമം വേണമെന്നും ആകാശ് ചോപ്ര ചോദിച്ചു.

മുന്‍കാലങ്ങളില്‍ ഒരു കളിക്കാരന്‍ ഫോം ഔട്ടായാല്‍ അയാളെ ടീമില്‍ നിന്നൊഴിവാക്കുകയും ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോം തെളിയിച്ചാല്‍ ടീമില്‍ തിരിച്ചെത്തുകയുമായിരുന്നു രീതി. എന്നാല്‍ ഇന്ന് ആരെങ്കിലും ഫോം ഔട്ടായാല്‍ ഉടന്‍ അവര്‍ക്ക് വിശ്രമം അനുവദിക്കും. ഇതില്‍ ആര്‍ക്കും പ്രശ്നമൊന്നും തോന്നുന്നില്ലെയെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ ചോദിച്ചു.

ആരെങ്കിലും ഫോം ഔട്ടാണെങ്കില്‍ അവര്‍ പരമാവധി മത്സരങ്ങള്‍ കളിക്കണമെന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം.2020ല്‍ കൊവിഡ് കാരണം ആറ് മാസം ക്രിക്കറ്റേ ഉണ്ടായിരുന്നില്ല. പിന്നീട് അടുത്തവര്‍ഷം ഐപിഎല്ലില്‍ പകുതി മത്സരങ്ങള്‍ കളിച്ചശേഷം മൂന്നോ നാലോ മാസം വിശ്രമം ആയിരുന്നു. കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷത്തിനിടയില്‍ കുറഞ്ഞത് 10 മാസമെങ്കിലും ഇത്തരത്തില്‍ കളിക്കാര്‍ക്കെല്ലാം വിശ്രമം ലഭിച്ചിട്ടുണ്ട്. പ്രഫഷണല്‍ സ്പോര്‍ട്സില്‍ ഇതില്‍ കൂടുതല്‍ വിശ്രമം ഒന്നും ആര്‍ക്കും ലഭിക്കില്ല.

സീനിയര്‍ താരങ്ങള്‍ വിശ്രമിക്കുമ്പോള്‍ യുവതാരങ്ങളായ ഇഷാന്‍ കിഷനും റുതുരാജ് ഗെയ്ക്‌വാദിനും ദീപക് ഹൂഡക്കും സഞ്ജു സാംസണുമെല്ലാം അവസരം ലഭിക്കുന്നു എന്നത് നല്ല കാര്യമാണ്. എന്നാല്‍ ഇവരൊക്കെ റണ്‍സടിച്ചാലും സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തുമ്പോള്‍ അവരെ തഴയില്ലെ. അവരതിന് എന്ത് തെറ്റാണ് ചെയ്തതെന്നും ആകാശ് ചോപ്ര ചോദിച്ചു.

ഐപിഎല്ലിന് പിന്നാലെ നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലും സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയിരുന്നു. ഇതിനുശേഷം അയര്‍ലന്‍ഡിനെതിരായ പരമ്പരയിലും സീനിയര്‍ താരങ്ങളെ കളിപ്പിച്ചില്ല. ഇതിന് പിന്നാലെയാണ് വിന്‍ഡീസിനെതിരായ പരമ്പരയിലും സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചത്.