Asianet News MalayalamAsianet News Malayalam

കോലി പറഞ്ഞ 'ഉദ്ദേശ്യം' എന്താണെന്ന് മനസിലാവുന്നില്ല; ആരാധകന്റെ ചോദ്യത്തിന് ചോപ്രയുടെ മറുപടി

ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ രണ്ട് ഇന്നിങ്‌സിലും പരാജയമായിരുന്നു പൂജാര. ആദ്യ ഇന്നിങ്‌സില്‍ എട്ട് റണ്‍സിന് പുറത്തായ താരം രണ്ടാം ഇന്നിങ്‌സില്‍ 15 റണ്‍സെടുത്ത് മടങ്ങി. ആദ്യ ഇന്നിങ്‌സില്‍ 49 രണ്‍സെടുത്ത രഹാനെ രണ്ടാം ഇന്നിങ്‌സില്‍ 15 റണ്‍സ് മാത്രമാണെടുത്തത്.
 

Aakash Chopra replies to a fan question
Author
New Delhi, First Published Jun 28, 2021, 8:40 PM IST

ദില്ലി: ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി താരങ്ങള്‍ റണ്‍സെടുക്കുന്നതിന്റെ ആവശ്യകതയെ കൂറിച്ച് സംസാരിച്ചിരുന്നു. പ്രത്യേകിച്ച ഒരു 'ഉദ്ദേശ്യ'മൊന്നും ഇല്ലാതെയാണ് ചില താരങ്ങള്‍ കളിച്ചതെന്നാണ് കോലി പറഞ്ഞത്. കോലി പറഞ്ഞ 'ഉദ്ദേശ്യം' വിരല്‍ചൂണ്ടിയത് ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ എന്നിവര്‍ക്ക് നേരെയാണെന്ന് മാധ്യങ്ങള്‍ റിപ്പോര്‍‌ട്ട് ചെയ്തു. ഇതോടെ ഇവരെ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നിന്ന് ഒഴിവാക്കുമെന്നും വാര്‍ത്തകള്‍ വന്നു. 

ഇതിനോട് പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. തന്റെ യൂ ട്യൂബ്് ചാനലില്‍ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ചോപ്ര. അദ്ദേഹത്തിന്റെ മറുപടിയിങ്ങനെ... ''എന്താണ് കോലി പറഞ്ഞ 'ഉദ്ദേശ'മെന്ന് എനിക്ക് മനസിലാവുന്നില്ല. ന്യൂസിലന്‍ഡ് താരം കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് എന്നിവര്‍ ക്രീസിലെത്തിയ ശേഷം വലിയ ഷോട്ടിന് ശ്രമിച്ചു. അതാണോ കോലി പറഞ്ഞ 'ഉദ്ദേശ്യം'.? രോഹിത് ശര്‍മ പ്രതിരോധിച്ചാണ് കളിച്ചത്. അതാണോ കോലി പറഞ്ഞ ഉദ്ദേശ്യം.? പന്ത് ആക്രമണോത്സുകത കാണിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയുടെ വീക്ഷണ കോണില്‍ അതൊരിക്കലും പോസിറ്റീവ് വശമില്ല. 

ഈ പറയുന്ന 'ഉദ്ദേശ്യം' പലപ്പോഴായി പല അര്‍ത്ഥത്തിലാണ് വ്യാഖ്യാനിക്കുന്നത്. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ചേതേശ്വര്‍ പൂജാര ക്രീസില്‍ പിടിച്ചനിന്നതിന് ഒരു പോസിറ്റീവ് ഉദ്ദേശ്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ദേഹമാസകലം പന്തിന്റെ പാടുണ്ടായിരുന്നു. ഗബ്ബയില്‍ ആര്‍ അശ്വിനും ഹനുമ വിഹാരിയും ഇതുതന്നെയാണ് ചെയ്തത്. എനിക്കുറപ്പുണ്ട് ഇംഗ്ലണ്ട് പര്യടനത്തില്‍ പൂജാരയ്്ക്കും രഹാനെയ്ക്കും മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്ന്. എല്ലാവര്‍ക്കും അവരുടേതായ ശൈലിയുണ്ട്. അതിനെ നമ്മള്‍ ബഹുമാനിക്കണം. പൂജാരയില്‍ നിന്നോ രഹാനെയില്‍ നിന്നോ കിട്ടുന്ന് ഒരിക്കലും റിഷഭ് പന്തില്‍ നിന്ന് ലഭിക്കില്ല.'' ചോപ്ര പറഞ്ഞുനിര്‍ത്തി.

ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ രണ്ട് ഇന്നിങ്‌സിലും പരാജയമായിരുന്നു പൂജാര. ആദ്യ ഇന്നിങ്‌സില്‍ എട്ട് റണ്‍സിന് പുറത്തായ താരം രണ്ടാം ഇന്നിങ്‌സില്‍ 15 റണ്‍സെടുത്ത് മടങ്ങി. ആദ്യ ഇന്നിങ്‌സില്‍ 49 രണ്‍സെടുത്ത രഹാനെ രണ്ടാം ഇന്നിങ്‌സില്‍ 15 റണ്‍സ് മാത്രമാണെടുത്തത്.
 

Follow Us:
Download App:
  • android
  • ios