ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന്‍ (Pakistan) നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഓസീസ് 19.1 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ലാഹോര്‍: പാകിസ്ഥാനെതിരായ (PAK vs AUS) ഏക ടി20ല്‍ ഓസ്‌ട്രേലിയക്ക് ജയം. ലാഹോര്‍ ഗദ്ദാഫി (Lahore) സ്റ്റേഡിയത്തില്‍ മൂന്ന് വിക്കറ്റിന്റെ ജയമാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന്‍ (Pakistan) നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഓസീസ് 19.1 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 55 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ് (Aaron Finch) ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 

ഓപ്പണിംഗ് വിക്കറ്റില്‍ ട്രാവിഡ് ഹെഡും (26) ഫിഞ്ചും ഭേദപ്പെട്ട തുടക്കമാണ് ഓസീസിന് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 40 റണ്‍സെടുത്തു. 14 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഹെഡ്ഡിന്റെ ഇന്നിംഗ്‌സ്. ഹാരിസ് റൗഫിന്റെ പന്തില്‍ ഉസ്മാന്‍ ഖാദിറിന് ക്യാച്ച് നല്‍കിയാണ് ഹെഡ് മടങ്ങുന്നത്. മൂന്നാമനായി ക്രീസിലെത്തിയ ജോഷ് ഇംഗ്ലിസ് (24) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മൂന്നാം വിക്കറ്റില്‍ 44 റണ്‍സാണ് ഫിഞ്ചിനൊപ്പം കൂട്ടിചേര്‍ത്തത്. 

എന്നാല്‍ ഖാദിറിന്റെ പന്തില്‍ ഇംഗ്ലിസ് മടങ്ങി. തുടര്‍ന്നെത്തിയവരില്‍ മാര്‍ക്‌സ് സ്റ്റോയിനിസ് (9 പന്തില്‍ 23), ബെന്‍ മക്‌ഡെര്‍മോട്ട് (22) എന്നിവരാണ് തിളങ്ങിയത്. ഇതിനിടെ മര്‍നസ് ലബുഷെയ്ന്‍ (2), സീന്‍ അബോട്ട് (0) എന്നിവര്‍ പുറത്താവുകയും ചെയ്തു. ഫിഞ്ച് ഷഹീന്‍ അഫ്രീദിക്കും വിക്കറ്റ് നല്‍കി. എങ്കിലും ബെന്‍ ഡ്വാര്‍ഷുസിനെ (0) കൂട്ടുപിടിച്ച് മക്‌ഡെര്‍മോട്ട് ഓസീസിനെ വിജയത്തിലേക്ക് നയിച്ചു. ഖാദിര്‍, ഷെഫീന്‍ അഫ്രീദി, മുഹമ്മദ് വസീം രണ്ട് വിക്കറ്റ് വീഴ്ത്തി. ഹാരിസ് റൗഫിന് ഒരു വിക്കറ്റുണ്ട്.

നേരത്തെ നായകന്‍ ബാബര്‍ അസമിന്റെ (46 പന്തില്‍ 66) അര്‍ധ സെഞ്ച്വറിയുടെ കരുത്തിാണ് പാകിസ്ഥാന്‍ 162ലെത്തിയത്. ഖുഷ്ദില്‍ ഷാ (24), മുഹമ്മദ് റിസ്വാന്‍ (23) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നഥാന്‍ എല്ലിസിന്റെ നാല് വിക്കറ്റാണ് പാകിസ്ഥാനെ തകര്‍ത്തത്. ഖുഷ്ദില്ലിന് പുറമെ ഇഫ്തിഖര്‍ അഹമ്മദ് (13), ആസിഫ് അലി (3), ഷഹീന്‍ അഫ്രീദി (0) എന്നിവരേയും എല്ലിസ് മടക്കി. കാമറൂണ്‍ ഗ്രീന്‍ രണ്ടും ആഡം സാംപ ഒരു വിക്കറ്റും നേടി. നേരത്തെ ടെസറ്റ് പരമ്പര 1-0ത്തിന് ഓസീസ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഏകദിന പരമ്പര ഓസീസ് നേടി. 

പര്യടനം പൂര്‍ത്തിയായതോടെ ഓസീസ് താരങ്ങള്‍ക്ക് ഇനി ഐപിഎല്ലില്‍ കളിക്കാം. നേരത്തെ പരമ്പരയില്‍ കളിക്കാത്ത താരങ്ങള്‍ക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ നിയമപ്രകാരം പരമ്പര നടക്കുന്ന കാലയളവില്‍ വിലക്കുണ്ടായിരുന്നു.