15 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച അഭിഷേക് 22 പന്തില്‍ 59 റണ്‍സെടുത്തപ്പോള്‍ വിക്കറ്റ് വീഴ്ചക്കിടയിലും തകര്‍ത്തടിച്ച ക്ലാസന്‍ 39 പന്തില്‍ 59 റൺസെടുത്തു.

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 195 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെയും ഹെന്‍റിച്ച് ക്ലാസന്‍റെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തി 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തു. 15 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച അഭിഷേക് 22 പന്തില്‍ 59 റണ്‍സെടുത്തപ്പോള്‍ വിക്കറ്റ് വീഴ്ചക്കിടയിലും തകര്‍ത്തടിച്ച ക്ലാസന്‍ 39 പന്തില്‍ 59 റൺസെടുത്തു. ക്യാപ്റ്റൻ ഇഷാന്‍ കിഷന്‍ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ ട്രാവിസ് ഹെഡ് 23 റണ്‍സെടുത്തു. ക്ലാസനും അഭിഷേകിനുമൊഴികെ മറ്റാര്‍ക്കും ഹൈദരാബാദ് നിരയില്‍ തിളങ്ങാനായില്ല. ചെന്നൈ സൂപ്പര്‍ കിംഗ്സിനായി ജാമി ഓവര്‍ടണും അന്‍ഷുല്‍ കാംബോജും 3 വിക്കറ്റ് വീതമെടുത്തപ്പോള്‍ മുകേഷ് ചൗധരി 2 വിക്കറ്റെടുത്തു.

വെടിക്കെട്ട് തുടക്കം

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഹൈദരാബാദിന് അഭിഷേകും ട്രാവിസ് ഹെഡും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 5.5 ഓവറില്‍ 75 റണ്‍സടിച്ചു. ഹെഡ് കാഴ്ചക്കാരനായപ്പോള്‍ അഭിഷേക് ആയിരുന്നു ആക്രമണത്തിന്‍റെ ചുമതലയേറ്റെടുത്തത്. മുകേഷ് ചൗധരിയുടെ ഓവറില്‍ 3 ബൗണ്ടറികള്‍ പറത്തി ഹെഡും തകര്‍ത്തടിക്കാന്‍ തുടങ്ങിയപ്പോഴാണ് റുതുരാജ് ഗെയ്ക്‌വാദിന്‍റെ തകര്‍പ്പൻ ക്യാച്ചില്‍ 20 പന്തില്‍ 23 റണ്‍സെടുത്ത ഹെഡ് വീണത്.

View post on Instagram

പിന്നാലെ നേരിട്ട ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റൻ ഇഷാന്‍ കിഷന്‍ മുകേഷ് ചൗധരിയുടെ പന്തില്‍ ഗോൾഡന്‍ ഡക്കായി. പിന്നാലെയായിരുന്നു അഭിഷേകിനെ സഞ്ജു റിവ്യുവിലൂടെ വീഴ്ത്തിയത്. അനികേത് വര്‍മയും(2) വലിയ സ്കോര്‍ നേടാതെ വീണെങ്കിലും നിതീഷ് കുമാര്‍ റെഡ്ഡിയും ഹെന്‍റിച്ച് ക്ലാസനും ചേര്‍ന്ന് ഹൈദരാബാദിനെ മുന്നോട്ട് നയിച്ചു. പതിനഞ്ചാം ഓവറില്‍ നിതീഷിനെ(8 പന്തില്‍ 12) വീഴ്ത്തി ഓവര്‍ടൺ ഹൈദരാബാദിന് അടുത്ത പ്രഹരമേല്‍പ്പിച്ചു. അവസാന ഓവറുകളില്‍ തകര്‍ത്തടിക്കുമെന്ന് കരുതിയ ക്ലാസനെ പതിനെട്ടാം ഓവറിലെ രണ്ടാം പന്തില്‍ അന്‍ഷുല്‍ കാംബോജ് ബൗള്‍ഡാക്കിയതോടെ ഹൈദരാബാദിന് അടിതെറ്റി. അൻഷുല്‍ കാംബോജ് എറിഞ്ഞ പതിനെട്ടാം ഓവറില്‍ ക്ലാസന്‍റെ വിക്കറ്റ് നഷ്ടമായതോടെ രണ്ട് റണ്‍സ് മാത്രമാണ് ഹൈദരാബാദിന് നേടാനായത്.

View post on Instagram

ഗുര്‍ജപ്നീത് സിംഗ് എറിഞ്ഞ പത്തൊമ്പതാം ഓവറിലെ ആദ്യ പന്തില്‍ സലീല്‍ അറോറ പുറത്തായതോടെ 8 റണ്‍സ് മാത്രമാണ് ഹൈദരാബാദ് അടിച്ചെടുത്തത്. അന്‍ഷുല്‍ കാംബോജിന്‍റെ അവസാന ഓവറില്‍ 2 വിക്കറ്റ് കൂടി നഷ്ടമായതോടെ 7 റണ്‍സ് മാത്രമാണ് ഹൈദരാബാദിന് അടിച്ചെടുക്കാനായത്. ഒരുഘട്ടത്തില്‍ 220 കടക്കുമെന്ന് കരുതിയ ഹൈദരാബാദ് ഇന്നിംഗ്സിനെ അന്‍ഷുല്‍ കാംബോജും ഗുജപ്നീത് സിംഗും മികച്ച ഡെത്ത് ബൗളിംഗിലൂടെ 195ല്‍ പിടിച്ചുകെട്ടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക