ടെസ്റ്റില്‍ അസ്ഗറിന്റെ തീരുമാനങ്ങളില്‍ പലതും തോല്‍വിക്ക് കാരണമായെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.

കാബൂള്‍: അസ്ഗര്‍ അഫ്ഗാനെ അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്ന് മാറ്റി. സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെയാണ് അഫ്ഗാന് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയേണ്ടി വന്നത്. ടെസ്റ്റില്‍ അസ്ഗറിന്റെ തീരുമാനങ്ങളില്‍ പലതും തോല്‍വിക്ക് കാരണമായെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാല്‍ അസ്ഗറിന്റെ ഏത് തീരുമാനമങ്ങളാണ് തെറ്റിയതെന്ന് ക്രിക്കറ്റ് ബോര്‍ഡ് വ്യക്കമാക്കിയിട്ടില്ല. പരമ്പരയിലെ രണ്ടാം മത്സരം അഫ്ഗാനിസ്ഥാന്‍ ജയിക്കുകയും ചെയ്തിരുന്നു.

ഇടംകയ്യന്‍ ബാറ്റ്‌സ്മാന്‍ ഹഷ്മത്തുള്ള ഷഹീദിയാണ് അഫ്ഗാനിസ്ഥാന്റെ പുതിയ ടെസ്റ്റ്- ഏകദിന നായകന്‍. റഹ്‌മത് ഷാ ഉപനായകനാവും. ടി20 ഫോര്‍മാറ്റില്‍ റാഷിദ് ഖാനാണ് വൈസ് ക്യാപ്റ്റന്‍. ഈ ഫോര്‍മാറ്റിലെ അഫ്ഗാന്‍ നായകനെ ഉടന്‍ പ്രഖ്യാപിക്കും. മാര്‍ച്ചിലായിരുന്നു അഫ്ഗാന്‍- സിംബാബ്‌വെ ടെസ്റ്റ് പരമ്പര.

ആദ്യ ടെസ്റ്റില്‍ രണ്ട് ദിവസം കൊണ്ടാണ് അഫ്ഗാനിസ്ഥാനെ സിംബാബ്‌വെ തകര്‍ത്തത്. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റിന്റെ ജയം തേടി അഫ്ഗാന്‍ പരമ്പര സമനിലയിലാക്കി.