അവസാന ഓവര്‍ വരെ വിജയപ്രതീക്ഷ നല്‍കിയ ശേഷം അപ്രതീക്ഷിതമായി ഉണ്ടായ തോല്‍വി അഫ്ഗാന്‍ ആരാധകര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായി പോയി. പാകിസ്ഥാനോട് തോല്‍വി വഴങ്ങിയതിനൊപ്പം അഫ്ഗാനിസ്ഥാന്‍ ഏഷ്യാ കപ്പില്‍ നിന്ന് പുറത്തുമായി.

ഷാര്‍ജ: ക്രിക്കറ്റ് ലോകത്തിന് തന്നെ നാണക്കേടായി അഫ്ഗാന്‍ ആരാധകരുടെ രോഷ പ്രകടനം. ഇന്നലെ നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാനോട് അഫ്ഗാനിസ്ഥാന്‍ തോല്‍വി സമ്മതിച്ചിരുന്നു. അവസാന ഓവര്‍ വരെ വിജയപ്രതീക്ഷ നല്‍കിയ ശേഷം അപ്രതീക്ഷിതമായി ഉണ്ടായ തോല്‍വി അഫ്ഗാന്‍ ആരാധകര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായി പോയി. പാകിസ്ഥാനോട് തോല്‍വി വഴങ്ങിയതിനൊപ്പം അഫ്ഗാനിസ്ഥാന്‍ ഏഷ്യാ കപ്പില്‍ നിന്ന് പുറത്തുമായി.

ഇതോടെ സങ്കടത്തിലും രോഷത്തിലും ക്രിക്കറ്റ് ലോകത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന പ്രവര്‍ത്തികളാണ് അഫ്ഗാന്‍ ആരാധകര്‍ നടത്തിയത്. ഷാര്‍ജ സ്റ്റേഡിയത്തില്‍ കസേരകകള്‍ പറപറക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പാക് ആരാധകര്‍ക്ക് നേര്‍ക്ക് അഫ്ഗാന്‍ ആരാധകര്‍ കസേരകള്‍ വലിച്ചെറിയുകയായിരുന്നു. ഒരു പാക് ആരാധകനെ അഫ്ഗാന്‍ ആരാധകന്‍ കസേര കൊണ്ട് തല്ലുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

Scroll to load tweet…
Scroll to load tweet…

അതേസമയം, ഷാര്‍ജ സ്റ്റേഡിയത്തിന് പുറത്ത് പാക്, അഫ്ഗാന്‍ ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്‍റെ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, ഇന്നലെ കളത്തിലും അത്ര നല്ല രീതിയില്‍ അല്ല പാക് - അഫ്ഗാന്‍ പോരാട്ടം അവസാനിച്ചത്. അവസാന ഓവര്‍ ത്രില്ലറായി മാറിയ മത്സരത്തില്‍ ആവേശം മൂത്ത് താരങ്ങള്‍ ഏറ്റുമുട്ടുന്നതിനും ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷിയായി. പാകിസ്ഥാന്‍റെ റണ്‍ ചേസിംഗില്‍ 19-ാം ഓവറിലായിരുന്നു വിവാദ സംഭവം.

അഫ്‌ഗാന്‍ ബൗളര്‍ ഫരീദ് അഹമ്മദിന്‍റെ നാലാം പന്ത് ആസിഫ് അലി കൂറ്റന്‍ സിക്‌സറിന് പറത്തി. തൊട്ടടുത്ത പന്തില്‍ ബൗണ്‍സര്‍ എറിഞ്ഞ് ആസിഫിനെ ഷോര്‍ട് ഫൈന്‍‌ലെഗ് ഫീല്‍ഡറുടെ കൈകളിലെത്തിച്ചു ഫരീദ്. അഫ്‌ഗാന്‍ താരങ്ങള്‍ വിക്കറ്റാഘോഷം തുടങ്ങിയതോടെ കളി കാര്യമായി. ബൗളറുടെ ആവേശം ഇഷ്ടപ്പെടാതെ പോയ ആസിഫ് അലി അദ്ദേഹത്തെ തള്ളി. ഫരീദും വിട്ടുകൊടുത്തില്ല. പാഞ്ഞെടുത്ത ആസിഫ് അലി ബാറ്റുയര്‍ത്തിയതോടെ സഹതാരങ്ങളും അംപയര്‍മാരും ഇടപെടുകയായിരുന്നു.