പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ദീപക് ചാഹര്‍ ഗ്ലെന്‍ മാക്സ്‌വെല്ലിനെയും വീഴ്ത്തിയതോടെ വിരാട് കോലിയിയിലായി ആര്‍സിബിയുടെ മുഴുവന്‍ പ്രതീക്ഷയും.
ചെന്നൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ ഉദ്ഘാടന പോരാട്ടത്തില്‍ വിരാട് കോലിയെ ഓടിപ്പിടിച്ച് അജിങ്ക്യാ രഹാനെ. ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസി തുടക്കത്തില്‍ തകര്‍ത്തടിച്ചതോടെ ആര്‍സിബി നാലോവറില്‍ 43 റണ്‍സടിച്ച് നല്ല തുടക്കമിട്ടെങ്കിലും ഡൂപ്ലെസിയെ വീഴ്ത്തിയ മുസ്തഫിസുര്‍ റഹ്മാന്‍ ആര്‍സിബിയുടെ തകര്‍ച്ചക്ക് വഴിമരുന്നിട്ടു. ഒരു പന്തിന്‍റെ ഇടവേളയില്‍ രജത് പാടീദാറിനെ കൂടി മുസ്തഫിസുര്‍ പുറത്താക്കിയതോടെ ആര്‍സിബി ഞെട്ടി.
പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ദീപക് ചാഹര്‍ ഗ്ലെന്‍ മാക്സ്‌വെല്ലിനെയും വീഴ്ത്തിയതോടെ വിരാട് കോലിയിയിലായി ആര്‍സിബിയുടെ മുഴുവന്‍ പ്രതീക്ഷയും. പവര്‍ പ്ലേയില്‍ കൂടുതല്‍ പന്തുകള്‍ കളിക്കാന്‍ കിട്ടാതിരുന്ന കോലിയും കാമറൂണ്‍ ഗ്രീനും ചേര്‍ന്ന് ആര്‍സിബിക്ക് പ്രതീക്ഷ നല്‍കി. മഹീഷ തീക്ഷണക്കെതിരെ സിക്സ് അടിച്ച് കോലി ഭീഷണി ഉയര്‍ത്തിയപ്പോഴാണ് മുസ്തഫിസുര്‍ വീണ്ടും ചെന്നൈയുടെ രക്ഷക്കെത്തിയത്.
മുസ്തഫിസുറിനെ ബൗണ്ടറി കടത്താനുള്ള കോലിയുടെ ശ്രമം ബൗണ്ടറിയില്‍ ഓടിപ്പിടിച്ച അജിങ്ക്യാ രഹാനെ സ്ലൈഡ് ചെയ്ത് ബൗണ്ടറി ലൈനിന് അരികിലെത്തിയെങ്കിലും ബൗണ്ടറി ലൈനില്‍ തൊടും മുമ്പ് പന്ത് സമീപത്തുണ്ടായിരുന്ന രചീന്‍ രവീന്ദ്രക്ക് എറിഞ്ഞു കൊടുത്തു. പന്ത് അനായാസം കൈക്കലാക്കിയ രചിന്‍ കോലിയുടെ തിരിച്ചുവരവിന് വിരാമമിട്ടു. 20 പന്തില്‍ 21 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. രണ്ടോവറില്‍ ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റെടുത്ത മുസ്തഫിസുര്‍ റഹ്മാനാണ് ആര്‍സിബിയെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്. കോലിക്ക് പിന്നാലെ കാമറൂണ്‍ ഗ്രീനിനെ(22 പന്തില്‍ 18) കൂടി മടക്കിയാണ് മുസ്തഫിസുര്‍ ആര്‍സിബിയുടെ നടുവൊടിച്ചത്. നേരത്തെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡൂപ്ലെസി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
