രാജസ്ഥാന്‍ റോയല്‍സിനെതിരായ വിജയത്തിന് ശേഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ആശ്വാസം പ്രകടിപ്പിച്ചു.
കൊല്‍ക്കത്ത: സീസണിലെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം ആദ്യ വിജയം സ്വന്തമാക്കിയതിന്റെ ആശ്വാസത്തിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ. ഞായറാഴ്ച രാജസ്ഥാന്‍ റോയല്‍സിനെതിരെ നേടിയ ആവേശകരമായ ജയത്തിന് ശേഷം രസകരമായ രീതിയിലാണ് രഹാനെ സംസാരിച്ചു തുടങ്ങിയത്.
അഞ്ച് മിനിറ്റ് അധികം ലഭിച്ചു
സീസണിലെ ആദ്യ ആറ് മത്സരങ്ങളില്‍ അഞ്ചിലും പരാജയപ്പെട്ടതിനാല്‍ കളി കഴിഞ്ഞാലുടന്‍ ഡ്രസിങ് റൂമിലേക്ക് മടങ്ങേണ്ടി വരുമായിരുന്നുവെന്നും, എന്നാല്‍ ഈ വിജയത്തിന് ശേഷം ഗ്രൗണ്ടില്‍ അഞ്ച് മിനിറ്റ് അധികം ചിലവഴിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും രഹാനെ തമാശരൂപേണ പറഞ്ഞു. വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച റിങ്കു സിങ്ങിനെയും വരുണ്‍ ചക്രവര്‍ത്തിയെയും നായകന്‍ വാനോളം പുകഴ്ത്തി. ''റിങ്കു സിംഗിന്റേയും വരുണ്‍ ചക്രവര്‍ത്തിയുടേയും കാര്യത്തില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. വരുണ്‍ മോശം ഫോമിലൂടെ കടന്നുപോയെങ്കിലും കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. അതുപോലെ മാനസികമായി വലിയ സമ്മര്‍ദ്ദത്തിലായിരുന്ന റിങ്കു കളി ഫിനിഷ് ചെയ്ത രീതി കാണാന്‍ കാത്തിരുന്നതാണ്.'' രഹാനെ വ്യക്തമാക്കി.
മികച്ച ആഭ്യന്തര സീസണിന് ശേഷം ടീമിലെത്തിയ അനുകൂല്‍ റോയിയുടെ പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു. 156 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ച് രഹാനെ തന്റെ നിലപാട് വ്യക്തമാക്കി. ഇത്തരം പിച്ചുകളില്‍ സ്‌ട്രൈക്ക് റേറ്റിന് അമിത പ്രാധാന്യം നല്‍കേണ്ടതില്ലെന്നും വിക്കറ്റുകള്‍ക്കിടയിലെ ഓട്ടത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
''വലിയ സിക്‌സറുകള്‍ അടിക്കുന്നതിനേക്കാള്‍ സിംഗിളുകളും ഡബിളുകളും എടുത്ത് സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോകുന്നതിലായിരുന്നു ശ്രദ്ധിക്കേണ്ടിയിരുന്നത്. കഴിഞ്ഞ മത്സരങ്ങളില്‍ ഇത്തരം പിഴവുകള്‍ ഞങ്ങള്‍ക്ക് സംഭവിച്ചിരുന്നു. ഈ മത്സരത്തില്‍ നിന്ന് ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനുണ്ട്.'' രഹാനെ കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന അഞ്ച് ദിവസത്തെ ഇടവേള ടീമിന് പിഴവുകള്‍ തിരുത്താന്‍ സഹായിക്കുമെന്നും ഡ്രസിങ് റൂമിലെ അന്തരീക്ഷം മികച്ചതാണെന്നും രഹാനെ പറഞ്ഞു. ഏപ്രില്‍ 26-ന് ലഖ്നൗവിനെതിരെയാണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം.
