മുംബൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയ ആറ് ഇന്ത്യന്‍ താരങ്ങള്‍ക്ക് മഹീന്ദ്രയുടെ ഏറ്റവും പുതിയ എസ്‌യുവി വാഹനമായ 'ഥാര്‍' സമ്മാനമായി നല്‍കുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച മുഹമ്മദ് സിറാജ്, വാഷിംഗ്ടണ്‍ സുന്ദര്‍, ടി നടരാജന്‍, നവദീപ് സെയ്നി, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്ക് പുറമെ ഷര്‍ദ്ദുല്‍ ഠാക്കൂറിനുമാണ് എസ്‌യുവി സമ്മാനമായി നല്‍കുകയെന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെ അറിയിച്ചു.

അസാധ്യമായത് നേടിയെടുക്കാന്‍ ഭാവിതലമുറക്ക് കൂടി പ്രചോദനമായതിനാലാണ് ആറ് യുവതാരങ്ങള്‍ക്കും സമ്മാനം നല്‍കുന്നതെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ വ്യക്തമാക്കി. പ്രതിസന്ധികളെയെല്ലാം മറികടന്ന് വിജയസോപാനത്തില്‍ കയറിയ ഈ താരങ്ങളെല്ലാം ജീവിതത്തിന്‍റെ ഏത് മേഖലയിലുള്ളവര്‍ക്കും യഥാര്‍ത്ഥ പ്രചോദനമാണെന്നും ഇവര്‍ക്കെല്ലാം മഹീന്ദ്രയുടെ ഏറ്റവും പുതിയ ഥാര്‍ എസ്‌യുവി സമ്മാനമായി നല്‍കുന്നതില്‍ വ്യക്തിപരമായും ഏറെ സന്തോഷമുണ്ടെന്നും ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി.

സ്വന്തം കഴിവില്‍ വിശ്വാസമര്‍പ്പിച്ച് അധികമാരും സഞ്ചരിക്കാത്ത പാതയിലൂടെ യാത്ര ചെയ്ത് വിജയം വെട്ടിപ്പിടിച്ചതിനാലാണ് ഇവര്‍ക്ക് സമ്മാനം നല്‍കുന്നതെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ 36 റണ്‍സിന് ഓള്‍ ഔട്ടായശേഷം ശക്തമായി തിരിച്ചുവന്ന ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കിയിരുന്നു.