രാജ്‌കോട്ട്: ഇന്ന് ബംഗ്ലാദേശിനെതിരെ രണ്ടാം ടി20ക്ക് ഇറങ്ങുമ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് സുപ്രധാന നേട്ടം. 100 ടി20 മത്സരം കളിക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരം എന്ന നേട്ടം രോഹിത്തിന് സ്വന്തമാവും. 

ലോക ക്രിക്കറ്റില്‍ ഈനേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരവുമാകും രോഹിത്. പാകിസ്ഥാന്‍ താരം ഷുഐബ് മാലിക്കാണ് ടി20 100 മത്സരം പൂര്‍ത്തിയാക്കിയ ആദ്യ താരം. മാലിക്ക് 111 മത്സരങ്ങളില്‍ പാകിസ്ഥാനായി കളിച്ചിട്ടുണ്ട്. 

രോഹിത് 99 മത്സരങ്ങളില്‍ നിന്ന് 2542 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ നാല് സെഞ്ച്വറിയും 17 അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടുന്നു. ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ട്വന്റി 20യില്‍ 100 മത്സരം പൂര്‍ത്തിയാക്കിയിട്ടുണ്ട്.