മാഞ്ചസ്റ്റര്‍: ആഷസ് നാലാം ടെസ്റ്റില്‍ സ്റ്റീവ് സ്‌മിത്തിന്‍റെ കരുത്തില്‍ ഓസീസ് മികച്ച സ്‌കോറിലേക്ക്. ഈ ആഷസിലെ മൂന്നാം സെഞ്ചുറിയുമായി കുതിക്കുന്ന സ്‌മിത്ത് 150 റണ്‍സ് പിന്നിട്ടു. ആദ്യ ഇന്നിംഗ്‌സില്‍ ഓസീസ് 342/5 എന്ന സ്‌കോറിലാണിപ്പോള്‍. സ്‌മിത്ത് 155 റണ്‍സും നായകന്‍ ടീം പെയ്‌ന്‍ 49 റണ്‍സുമായാണ് ക്രീസില്‍. 

മൂന്ന് വിക്കറ്റിന് 170 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസീസിന് രണ്ട് വിക്കറ്റുകള്‍ ഇന്ന് നഷ്ടമായി. സ്‌മിത്തിനൊപ്പം ബാറ്റിംഗ് തുടര്‍ന്ന ട്രാവിഡ് ഹെഡിന്‍റെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. ബ്രോഡിന്‍റെ എല്‍ബിയില്‍ മടങ്ങുമ്പോള്‍ 19 റണ്‍സ് മാത്രമാണ് ഹെഡിനുണ്ടായിരുന്നത്. ക്രീസിലെത്തിയ മാത്യൂ വെയ്‌ഡിനും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. 16 റണ്‍സില്‍ നില്‍ക്കേ വെയ്‌ഡിനെ ജാക്ക് ലീച്ച് റൂട്ടിന്‍റെ കൈകളിലെത്തിച്ചു. 

ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് ഹാരിസ്, മാര്‍നസ് ലബുഷാഗ്നെ എന്നിവരെ ഓസീസിന് ആദ്യ ദിനം നഷ്ടമായിരുന്നു. ആഷസില്‍ അഞ്ചാം തവണയും ബ്രോഡാണ് അക്കൗണ്ട് തുറക്കും മുന്‍പ് വാര്‍ണര്‍ക്ക് മടക്കടിക്കറ്റ് നല്‍കിയത്. ഏഴാം ഓവറിലെ അവസാന പന്തില്‍ ഹാരിസിനെ(13) ബ്രോഡ് തന്നെ എല്‍ബിയില്‍ കുടുക്കി. സ്‌മിത്തിനൊപ്പം ഓസീസിനെ കരയറ്റിയ ലബുഷാഗ്നെയെ 67ല്‍ നില്‍ക്കേ ഓവര്‍ട്ടന്‍ ബൗള്‍ഡാക്കി.