ഹാര്‍ദിക്കിനെ കുറിച്ചും താരം മുംബൈയിലേക്ക് പോയതിനെ കുറിച്ചും പ്രതികരിക്കുകയാണ് ഗുജറാത്തിന്റെ മുഖ്യ പരിശീലകന്‍ ആശിഷ് നെഹ്‌റ.
മുംബൈ: ഹാര്‍ദിക് പാണ്ഡ്യ തന്റെ പഴയ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചുപോയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. രോഹിത് ശര്‍മയ്ക്ക് പകരം നായകസ്ഥാനം നീട്ടിനല്‍കിയപ്പോഴാണ് ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ഹാര്‍ദിക്ക് മുംബൈയില്‍ തിരിച്ചത്. രണ്ട് സീസണില്‍ ഗുജറാത്തിനെ നയിച്ചതും ഹാര്‍ദിക്കായിരുന്നു. അതില്‍ ഒരു തവണ കിരീടത്തിലേക്ക് നയിക്കാനും സാധിച്ചു. കഴിഞ്ഞ സീസണിന്റെ ഫൈനലിലാണ് ഗുജറാത്ത് തോല്‍ക്കുന്നത്. ഇത്തവണ നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് മുംബൈ ഹാര്‍ദിക്കിനെ തിരിച്ചെത്തിച്ചത്.
ഇപ്പോള്‍ ഹാര്‍ദിക്കിനെ കുറിച്ചും താരം മുംബൈയിലേക്ക് പോയതിനെ കുറിച്ചും പ്രതികരിക്കുകയാണ് ഗുജറാത്തിന്റെ മുഖ്യ പരിശീലകന്‍ ആശിഷ് നെഹ്‌റ. മുന്‍ ഇന്ത്യന്‍ താരത്തിന്റെ വാക്കുകളിങ്ങനെ... ''ഹാര്‍ദിക്കിനെ ഞാനൊരിക്കലും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. പരിചയ സമ്പന്നനായ സ്റ്റാര്‍ ഓള്‍ റൗണ്ടറുടെ അസാന്നിധ്യം സീസണില്‍ ടീമിന് വലിയ തിരിച്ചടിയാവും. ഏത് കായിക ഇനമായാലും മാറികൊണ്ടിരിക്കണം. മത്സരപരിചയം പണം കൊണ്ട് നേടാനാവുന്നതല്ല. ഞാനൊരിക്കലും അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. രണ്ടു വര്‍ഷം ഹാര്‍ദിക് ഗുജറാത്ത് ടീമിനൊപ്പമാണ് കളിച്ചത്.'' നെഹറ് വ്യക്തമാക്കി.
പരിക്കേറ്റ ഐപിഎല്ലില്‍ നിന്ന് പുറത്തായ മുഹമ്മദ് ഷമിയെ കുറിച്ചും നെഹ്‌റ സംസാരിച്ചു. ''ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി എന്നിവര്‍ക്കു പകരക്കാരെ കണ്ടെത്തുന്നത് അത്ര എളുപ്പമല്ല. പക്ഷേ അതൊരു പാഠമാണ്, അങ്ങനെയാണ് ടീം മുന്നോട്ട് പോകുന്നത്.'' നെഹ്‌റ കൂട്ടിചേര്‍ത്തു. പുതിയ നായകന്‍ ശുഭ്മന്‍ ഗില്ലിനു കീഴില്‍ ഗുജറാത്ത് എങ്ങനെ കളിക്കുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏകദിന ലോകകപ്പിനിടെയേറ്റ പരിക്കിന് ശേഷം ആഭ്യന്തര ക്രിക്കറ്റും ദേശീയ ടീമിനായും കളിക്കാതെ ഐപിഎല്ലില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ വിമര്‍ശിച്ച് മുന്‍ പേസര്‍ പ്രവീണ്‍ കുമാര്‍ രംഗത്തെത്തിയിരുന്നു. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായ പാണ്ഡ്യ ഐപിഎല്‍ 2024ന് മുന്നോടിയായി മുംബൈ ടീം ക്യാംപിനൊപ്പം ചേര്‍ന്നതിന് പിന്നാലെ പ്രവീണ്‍ കുമാറിന്റെ വിമര്‍ശനം. ഐപിഎല്ലിന് മുമ്പ് പരിക്കേല്‍ക്കുന്ന പതിവ് പാണ്ഡ്യക്കുണ്ട് എന്ന് പ്രവീണ്‍ തുറന്നടിച്ചു.

