ആദ്യ ഇന്നിംഗ്‌സിൽ 584 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയ ജമ്മു കശ്മീരിനായി പന്തെടുത്ത ആഖിബ്, 12-ാം ഓവറിൽ തന്നെ അപകടകാരിയായ കെ.എൽ രാഹുലിനെ(13) പുറത്താക്കി.
ഹുബ്ലി: രഞ്ജി ട്രോഫി ഫൈനലിൽ കർണാടകയ്‌ക്കെതിരെ ജമ്മു കശ്മീരിന് സ്വപ്നതുല്യമായ തുടക്കം. പേസ് ബൗളർ ആഖിബ് നബിയുടെ തീപ്പൊരി ബൗളിംഗിന് മുന്നിൽ കർണാടകയുടെ മുൻനിര തകർന്നപ്പോൾ ഒന്നാം ഇന്നിംഗ്സ് ലീഡിനായി മായങ്കിന്‍റെ സെഞ്ചുറി മികവില്‍ കര്‍ണാട മൂന്നാം ദിനം പൊരുതുകയാണ്. ജമ്മു കശ്മീരിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 584 റണ്‍സിന് മറുപടിയായി മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ കര്‍ണാടക 5 വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെടുത്തിട്ടുണ്ട്. 130 റണ്‍സുമായി മായങ്ക് അഗര്‍വാളും 27 റണ്‍സോടെ കൃതിക് കൃഷ്ണയുമാണ് ക്രീസില്‍. സൂപ്പര്‍ താരങ്ങളായ കെ എല്‍ രാഹുല്‍, കരുണ്‍ നായര്‍, സ്മരണ്‍ രവിചന്ദ്രന്‍ എന്നിവരെ പുറത്താക്കിയ ജമ്മു പേസര്‍ ആഖിബ് നബിയാണ് കര്‍ണാടകയുടെ ഒന്നാം ഇന്നിംഗ്സ് ലീഡ് പ്രതീക്ഷകള്‍ തകര്‍ത്തത്. 5 വിക്കറ്റ് കൈയിലിരിക്കെ ജമ്മു കശ്മീരിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താന്‍ കര്‍ണാടകക്ക് ഇനിയും 364 റണ്‍സ് കൂടി വേണം.
ആദ്യ ഇന്നിംഗ്‌സിൽ 584 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയ ജമ്മു കശ്മീരിനായി പന്തെടുത്ത ആഖിബ്, 12-ാം ഓവറിൽ തന്നെ അപകടകാരിയായ കെ.എൽ രാഹുലിനെ(13) പുറത്താക്കി. സുനിൽ കുമാർ ക്യാപ്റ്റൻ ദേവ്ദത്ത് പടിക്കലിനെ(11) പുറത്താക്കിയതിന് പിന്നാലെ 18-ാം ഓവറിൽ ആഖിബ് വീണ്ടും ആഞ്ഞടിച്ചു. ഓവറിലെ ആദ്യ പന്തിൽ തന്നെ മുൻ ഇന്ത്യൻ താരം കരുൺ നായരുടെ കുറ്റി തെറിപ്പിച്ചു. 9 പന്ത് നേരിട്ടെങ്കിലും കരുണിന് അക്കൗണ്ട് തുറക്കാനായിരുന്നില്ല. രാഹുലിനെ പുറത്താക്കിയതിന് സമാനമായ പന്തിൽ ഡ്രൈവിംഗിന് ശ്രമിച്ച കരുണിന്‍റെ പ്രതിരോധം തകർത്ത് പന്ത് സ്റ്റമ്പിളക്കി.
അടുത്ത പന്തിൽ തന്നെ മികച്ച ഫോമിലുള്ള സ്മരണ്‍ രവിചന്ദ്രനെ ഗോള്‍ഡന്‍ ഡക്കാക്കി ആഖിബ് കര്‍ണാടകയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. ഇതോടെ 57-4 എന്ന സ്കോറിലേക്ക് കൂപ്പുകുത്തിയ കര്‍ണാടകയെ ശ്രേയസ് ഗോപാലും(27) മായങ്ക് അഗര്‍വാളും തമ്മിലുള്ള സെഞ്ചുറി കൂട്ടുകെട്ടാണ് കരകയറ്റിയത്. ശ്രേയസ് ഗോപാലിനെ യുദ്ധ്‌വീര്‍ സിംഗ് പുറത്താക്കി. ആഖിബിന്‍റെ തകർപ്പൻ സ്പെൽ ജമ്മു കശ്മീരിനെ തങ്ങളുടെ ആദ്യ രഞ്ജി കിരീടത്തിലേക്ക് ഒരു പടി കൂടി അടുപ്പിച്ചു.
