വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയ 33 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടി.
ഗ്രനഡ: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് 33 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 286നെതിരെ വിന്‍ഡീസ് 253ന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ നതാന്‍ ലിയോണ്‍, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ് എന്നിവരാണ് ഓസീസിന് ലീഡ് സമ്മാനിച്ചത്. 75 റണ്‍സ് നേടിയ ബ്രന്‍ഡന്‍ കിംഗാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. പിന്നാലെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഓസീസിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടിന് 12 എന്ന നിലയിലാണ് ഓസീസ്. ഒന്നാകെ 45 റണ്‍സിന്റെ ലീഡായി അവര്‍ക്ക്. കാമറൂണ്‍ ഗ്രീന്‍ (6), നതാന്‍ ലിയോണ്‍ (2) എന്നിവര്‍ ക്രീസിലുണ്ട്.
സാം കോണ്‍സ്റ്റാസിന്റെ (0) വിക്കറ്റാണ് ഓസീസിന് ഇന്ന് ആദ്യം നഷ്ടമായത്. ജെയ്ഡന്‍ സീല്‍സിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. സഹ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ പിന്നാലെ മടങ്ങി. സീല്‍സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി ഖവാജ. പിന്നീട് ഗ്രീന്‍ - ലിയോണ്‍ സഖ്യം വിക്കറ്റ് പോവാതെ കാത്തു. നേരത്തെ, വിന്‍ഡീസ് രണ്ടാം ദിനം ലഞ്ചിന് ശേഷം ബാറ്റിംഗ് തുടരുമ്പോള്‍ നാലിന് 111 എന്ന നിലയിലായിരുന്നു. എന്നാല്‍ ഷായ് ഹോപ്പ് (21), കമ്മിന്‍സിന്റെ പന്തില്‍ ബൗള്‍ഡായതോടെ വിന്‍ഡീസിന്റെ തകര്‍ച്ച തുടങ്ങി. അധികം വൈകാതെ കിംഗ്, ലിയോണിന്റെ പന്തില്‍ പുറത്തായി. ഇതോടെ ആറിന് 169 എന്ന നിലയിലായി വിന്‍ഡീസ്. തുടര്‍ന്നെത്തിയ അല്‍സാരി ജോസഫ് (27), ഷമാര്‍ ജോസഫ് (29) എന്നിവരാണ് വിന്‍ഡീസിനെ 250 കടത്താന്‍ സഹായിച്ചത്.
അത്ര നല്ലതായിരുന്നില്ല വിന്‍ഡീസിന്റെ തുടക്കവും. ക്രെയ്ഗ് ബ്രാത്വെയ്റ്റ് (0) തുടക്കത്തില്‍ തന്നെ മടങ്ങി. ഹേസല്‍വുഡിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് ബ്രാത്വെയ്റ്റ് മടങ്ങുന്നത്. മൂന്നാമനായി ക്രീസിലെത്തിയ കീസി കാര്‍ട്ടി (6) വന്നത് പോലെ മടങ്ങി. ഇത്തവണ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് റിട്ടേണ്‍ ക്യാച്ച്. ജോണ്‍ ക്യാംപല്‍ (40) നന്നായി തുടങ്ങിയെങ്കിലും അധികനേരം പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. വെബ്സ്റ്ററിന്റെ പന്തില്‍ മിച്ചല്‍ മാര്‍ഷിന് ക്യാച്ച് നല്‍കിയാണ് മടങ്ങുന്നത്. ഇതോടെ മൂന്നിന് 64 എന്ന നിലയിലായി വിന്‍ഡീസ്. പിന്നീട് ചേസ് - കിംഗ് സഖ്യം 47 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ലഞ്ചിന് ശേഷം ഹേസല്‍വുഡ് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. ചേസ്, ഓസീസ് പേസറുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങി.
നേരത്തെ അലക്സ് ക്യാരി (63), വെബ്സ്റ്റര്‍ (60) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഓസീസിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. അല്‍സാരി ജോസഫ് നാല് വിക്കറ്റ് വീഴ്ത്തി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസിന് സാം കോണ്‍സ്റ്റാസും ഉസ്മാന്‍ ഖവാജയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 47 റണ്‍സടിച്ചു. ഉസ്മാന്‍ ഖവാജയെ (16) വിക്കറ്റിന് മുന്നില്‍ കുടുക്കിയ അല്‍സാരി ജോസഫാണ് ഓസീസ് തകര്‍ച്ചക്ക് തുടക്കമിട്ടത്. പിന്നാലെ സാം കോണ്‍സ്റ്റാസും (25) മടങ്ങി. മൂന്നാം നമ്പറിലിറങ്ങിയ കാമറൂണ്‍ ഗ്രീന്‍ (26) ഒരിക്കല്‍ കൂടി നിരാശപ്പടുത്തിയപ്പോള്‍ പരിക്കുമൂലം ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന സ്റ്റീവ് സ്മിത്തിനെ (3) മടക്കി അല്‍സാരി ജോസഫ് ഓസീസിനെ ഞെട്ടിച്ചു. പിന്നാലെ ട്രാവിസ് ഹെഡിനെ (29) ഷമാര്‍ ജോസഫ് വീഴ്ത്തിയതോടെ ഓസ്ട്രേിയ 110-5ലേക്ക് തകര്‍ന്നടിഞ്ഞു.
എന്നാല്‍ ആറാം വിക്കറ്റില്‍ 112 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ ബ്യൂ വെബ്സ്റ്റര്‍-അലക്സ് ക്യാരി സഖ്യം ഓസീസിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചു. ഇരുവരും ഓസ്ട്രേലിയയെ മികച്ച സ്‌കോറിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും അലക്സ് ക്യാരിയെ പുറത്താക്കി ജസ്റ്റിന്‍ ഗ്രീവ്സ് കൂട്ടുകെട്ട് പൊളിച്ചു. പാറ്റ് കമിന്‍സ്(17) നടത്തിയ ചെറുത്തുനില്‍പ്പ് ഓസീസിനെ 250 കടത്തിയെങ്കിലും ബ്യൂ വെബ്സ്റ്റര്‍(60) റണ്ണൗട്ടായതോടെ ഓസീസ് പോരാട്ടം അവസാനിച്ചു. വിന്‍ഡീസിനായി അല്‍സാരി ജോസഫ് നാലു വിക്കറ്റെടുത്തപ്പോള്‍ ജെയ്ഡന്‍ സീല്‍സ് രണ്ട് വിക്കറ്റെടുത്തു. മൂന്ന് മത്സര പരമ്പരിലെ ആദ്യ ടെസ്റ്റില്‍ ജയിച്ച ഓസ്ട്രേലിയ പരമ്പരയില്‍ 1-0ന് മുന്നിലാണ്.

