അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ഇന്ത്യയെ ട്രോളി മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തറും. 2013ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ജൊഹാനസ്ബര്‍ഗ് ടെസ്റ്റില്‍ പാക്കിസ്ഥാന്‍ 49 റണ്‍സിന് പുറത്തായതിന്‍റെ നാണംകെട്ട റെക്കോര്‍ഡ് ഇന്ത്യ തകര്‍ത്തതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് അക്തര്‍ പറഞ്ഞു.

ഇന്നലെ ഇന്ത്യയുടെ കളി കണ്ടിരുന്നില്ലെന്നും ഇന്ന് ടിവി ഓണ്‍ ചെയ്തപ്പോള്‍ 36/9 എന്ന് കണ്ടപ്പോള്‍ ഇന്ത്യ 369 റണ്‍സ് അടിച്ചുകാണുമെന്നാണ് ആദ്യം കരുതിയതെന്നും അക്തര്‍ പറഞ്ഞു. എന്നാല്‍ ടിവിയിലേക്ക് സൂക്ഷിച്ചുനോക്കിയപ്പോഴാണ് 36/9 എന്നാണ് സ്കോര്‍ ബോര്‍ഡില്‍ എഴുതിയിരിക്കുന്നത് എന്ന് മനസിലായത്. കരുത്തുറ്റ ഇന്ത്യയുടെ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞത് അത്ര നല്ല വാര്‍ത്തയല്ലെന്നും അക്തര്‍ വ്യക്തമാക്കി.

ഇന്ത്യയുടേത് നാണംകെട്ട തോല്‍വിയായിപ്പോയി. അതുകൊണ്ടുതന്നെ അതിനെതിരെ വരുന്ന വിമര്‍ശനങ്ങളെ അവര്‍ നേരിട്ടെ മതിയാകു. 36 റണ്‍സിന് ഓള്‍ ഔട്ടാകുക എന്നത് ചിന്തിക്കാനെ ആവുന്നില്ല. ആ വമ്പന്‍ തോല്‍വിയില്‍ അവര്‍ ഞങ്ങളുടെ റെക്കോര്‍ഡും തകര്‍ത്തു. അത് സന്തോഷിപ്പിക്കുന്ന കാര്യമാണെന്നും അക്തര്‍ പറഞ്ഞു.

53 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ കേവലം 36 റണ്‍സിനാണ് പുറത്തായത്. അഞ്ച് വിക്കറ്റെടുത്ത ജോഷ് ഹേസല്‍വുഡും നാലു വിക്കറ്റെടുത്ത പാറ്റ് കമിന്‍സുമാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യമായ 90 റണ്‍സ് അടിച്ചെടുത്ത് ഓസീസ് പരമ്പരയില്‍ 1-0ന് മുന്നിലെത്തി.