പരിക്കേറ്റതിന് പിന്നാലെ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയ സ്റ്റാര്‍ക്ക് മൈതാനത്ത് തിരിച്ചെത്തിയെങ്കിലും ദക്ഷിണാഫ്രിക്ക 189 റണ്‍സില്‍ പുറത്തായതിനാല്‍ താരത്തിന് വീണ്ടും പന്തെറിയേണ്ടിവന്നിരുന്നില്ല

മെല്‍ബണ്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റിലെ മികച്ച പ്രകടനത്തിന് ഇടയിലും ഓസ്ട്രേലിയക്ക് കനത്ത ആശങ്ക. സിഡ്‌നിയിലെ മൂന്നാം ടെസ്റ്റ് സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് നഷ്‌‌ടമാകുമോ എന്നതാണ് ആശങ്ക. ബോക്‌സിംഗ് ഡേ ടെസ്റ്റിന്‍റെ ആദ്യദിനം സ്റ്റാര്‍ക്കിന്‍റെ ഇടംകൈയിലെ വിരലിന് പരിക്കേറ്റതാണ് കാരണം. ക്യാച്ച് എടുക്കാനുള്ള ശ്രമത്തിനിടെ സ്റ്റാര്‍ക്കിന്‍റെ മധ്യവിരലിന് പരിക്കേല്‍ക്കുകയായിരുന്നു. താരത്തെ സ്‌കാനിംഗിന് വിധേയനാക്കി. 

പരിക്കേറ്റതിന് പിന്നാലെ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയ സ്റ്റാര്‍ക്ക് മൈതാനത്ത് തിരിച്ചെത്തിയെങ്കിലും ദക്ഷിണാഫ്രിക്ക 189 റണ്‍സില്‍ പുറത്തായതിനാല്‍ താരത്തിന് വീണ്ടും പന്തെറിയേണ്ടിവന്നില്ല. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സില്‍ 13 ഓവറുകള്‍ എറിഞ്ഞ സ്റ്റാര്‍ക്കിന് രണ്ട് വിക്കറ്റുകള്‍ ലഭിച്ചിരുന്നു. ഇന്ന് രണ്ടാംദിനം ആവശ്യമെങ്കില്‍ സ്റ്റാര്‍ക്ക് ബാറ്റിംഗിന് ഇറങ്ങും എന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മത്സരത്തിനിടെ താരത്തിന്‍റെ പരിക്ക് പരിശോധനയ്ക്ക് വിധേയമാക്കും. 

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ അതിശക്തമായ നിലയിലാണ് ഓസീസ്. രണ്ടാംദിനം അവസാന സെഷന്‍ പുരോഗമിക്കുമ്പോള്‍ 363-3 എന്ന നിലയിലാണ് ആതിഥേയര്‍. ട്രാവിഡ് ഹെഡും കാമറൂണ്‍ ഗ്രീനുമാണ് ക്രീസില്‍. ഓപ്പണര്‍ ഡേവി‍ഡ് വാര്‍ണര്‍ ഇരട്ട സെഞ്ചുറി നേടിയപ്പോള്‍ സ്റ്റീവ് സ്‌മിത്ത് 85 റണ്ണില്‍ പുറത്തായി. 254 പന്തില്‍ 200* റണ്‍സെടുത്തതിന് പിന്നാലെ പരിക്കുമൂലം വാര്‍ണര്‍ റിട്ടയഡ് ഹര്‍ട്ടായി മടങ്ങി. തന്‍റെ തകര്‍പ്പന്‍ ഇന്നിംഗ്‌സിനിടെ പല തവണ വാര്‍ണറെ പരിക്ക് അലട്ടിയിരുന്നു. തന്‍റെ 100-ാം ടെസ്റ്റിലാണ് ഇരട്ട സെഞ്ചുറി എന്ന റെക്കോര്‍ഡും വാര്‍ണര്‍ പേരിലാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്‌സില്‍ 68.4 ഓവറില്‍ 189ന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ കാമറൂണ്‍ ഗ്രീനാണ് സന്ദര്‍ശകരെ തകര്‍ത്തത്. 10.4 ഓവറില്‍ 27 റണ്‍സിനാണ് ഗ്രീന്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയത്. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും സ്കോട്ട് ബോളണ്ടും നേഥന്‍ ലിയോണും ഓരോ വിക്കറ്റും വീഴ്‌ത്തി. മാര്‍കോ ജാന്‍സന്‍ (59), കെയ്ല്‍ വെറെയ്‌നെ (52) എന്നിവര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്. നായകന്‍ ഡീന്‍ എല്‍ഗാര്‍ 26 റണ്‍സില്‍ പുറത്തായി. സ്‌കോര്‍ബോര്‍ഡില്‍ 67 റണ്‍സ് മാത്രമുള്ളപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടമായ പ്രോട്ടീസിനെ വെറെയ്‌നും ജാന്‍സനും ചേര്‍ന്ന് 150 കടത്തുകയായിരുന്നു.

വാര്‍ണര്‍ ഈസ് ബാക്ക്! മെല്‍ബണില്‍ ബാറ്റിംഗ് കൊടുങ്കാറ്റ്, നൂറാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി