അഫ്ഗാനെതിരായ മത്സരം മഴയെടുത്തതോടെയാണ് ഓസ്‌ട്രേലിയ സെമി ഫൈനല്‍ ഉറപ്പിച്ചത്.
ലാഹോര്‍: ചാംപ്യന്‍സ് ട്രോഫിയില്‍ സെമി ഫൈനലിലേക്ക് മുന്നേറിയതിന് പിന്നാലെ ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടി. അഫ്ഗാനിസ്ഥാനെതിരായ മത്സത്തിനിടെ പരിക്കേറ്റ ഓപ്പണര്‍ മാത്യു ഷോര്‍ട്ടിന് സെമി ഫൈനല്‍ നഷ്ടമാവും. 15 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സുമടക്കം 20 റണ്‍സെടുത്താണ് ഷോര്‍ട്ട് പുറത്തായത്. മത്സരശേഷം ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്താണ് ഷോര്‍ട്ടിന് പരിക്കാണെന്നും അടുത്ത മത്സരത്തില്‍ കളിക്കില്ലെന്നും അറിയിച്ചത്. ഷോര്‍ട്ടിന് പകരം ജെയ്ക് ഫ്രേസര്‍ മഗ്കുര്‍ക്ക് ടീമിലെത്താനാണ് സാധ്യത.
ഇന്നലെ അഫ്ഗാനെതിരായ മത്സരം മഴയെടുത്തതോടെയാണ് ഓസ്‌ട്രേലിയ സെമി ഫൈനല്‍ ഉറപ്പിച്ചത്. ലാഹോര്‍, ഗദ്ദാഫി സ്റ്റേഡിയത്തില്‍ അഫ്ഗാന്‍ ഉയര്‍ത്തിയ 274 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 109 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. പിന്നീട് മത്സരം ഉപേക്ഷിക്കേണ്ടി വന്നു. ഇരുവരും ഒരോ പോയിന്റുകള്‍ വീതം പങ്കിട്ടു. നാല് പോയിന്റുമായി ഓസീസ് സെമി ഫൈനല്‍ ഉറപ്പിക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കയ്ക്കും മൂന്ന് പോയിന്റ് വീതമാണുള്ളത്. ഇതില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു മത്സരം ബാക്കിയുണ്ട്. അവര്‍ക്ക് ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാനായാല്‍ ഗ്രൂപ്പ് ചാംപ്യന്മാരായി സെമി കളിക്കാം. അഫ്ഗാന് കുറഞ്ഞ് നെറ്റ് റണ്‍റേറ്റാണുള്ളത്. അഫ്ഗാന്‍ സെമി കളിക്കണമെങ്കില്‍ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്കയെ 200 റണ്‍സ് വ്യത്യാസത്തിലെങ്കിലും തോല്‍പ്പിക്കണം.
മാത്യൂ ഷോര്‍ട്ടിന്റെ (20) വിക്കറ്റാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്. അഞ്ച് ഓവര്‍ പൂര്‍ത്തിയാവും മുമ്പ് 44 റണ്‍സ് കൂട്ടിചേര്‍ത്താണ് ഷോര്‍ട്ട് മടങ്ങിയത്. അസ്മതുള്ളയുടെ പന്തില്‍ ഗുല്‍ബാദിന്‍ നെയ്ബിന് ക്യാച്ച്. സഹ ഓപ്പണര്‍ ട്രാവിസ് ഹെഡ് 40 പന്തില്‍ 59 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു. സ്റ്റീവന്‍ സ്മിത്ത് (19) ഹെഡിന് കൂട്ടുണ്ടായിരുന്നു. ഇതിനിടെയാണ് മഴയെത്തിയത്. അപ്പോള്‍ 12.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുത്തിരുന്നു ഓസീസ്.
നേരത്തെ സെദിഖുള്ള അദല്‍ (85), അസ്മതുള്ള ഒമര്‍സായ് (67) എന്നിവരുടെ ഇന്നിംഗ്സുകളാണ് അഫ്ഗാനിസ്ഥാാന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഓസീസിന് വേണ്ടി ബെന്‍ ഡ്വാര്‍ഷുയിസ് മൂന്നും സ്പെന്‍സര്‍ ജോണ്‍സണ്‍, ആഡം സാംപ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

